കോഴിക്കോട്|
Last Modified വ്യാഴം, 21 ജനുവരി 2016 (15:16 IST)
സി പി എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ കതിരൂര്‍ മനോജ് വധക്കേസില്‍ സി ബി ഐ പ്രതി ചേര്‍ത്ത സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ജയരാജന്‍റെ അറസ്റ്റ് തടയാന്‍ നിയമപരമായി ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ സി പി എമ്മിന്‍റെ സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം തടയാനുള്ള നീക്കമാണ് നടക്കുന്നത്. ജയരാജന്‍ പ്രതിയല്ലെന്ന് സി ബി ഐ തന്നെ സമ്മതിച്ചതാണ്. ഇപ്പോഴത്തെ നടപടി ബോധപൂര്‍വം സൃഷ്ടിച്ചതാണ്. തെളിവിന്‍റെ അടിസ്ഥാനത്തിലല്ല ജയരാജനെ പ്രതിചേര്‍ത്തിരിക്കുന്നത് - പിണറായി പറഞ്ഞു.
ജയരാജനെതിരെയുള്ള നടപടി ആര്‍ എസ് എസിന്‍റെ ഗൂഢാലോചനയാണ്. സി ബി ഐ കൂട്ടിലടച്ച തത്തയാണെന്ന സുപ്രീംകോടതി പരാമര്‍ശം അന്വര്‍ത്ഥമാക്കുന്ന നിലപാടാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ജയരാജന് ജാമ്യം കിട്ടാതിരിക്കാനാണ് യു എ പി എ ചുമത്തിയിരിക്കുന്നത്. 505 ദിവസം അന്വേഷിച്ചിട്ട് കൊടുത്ത റിപ്പോര്‍ട്ടില്‍ ജയരാജന്‍ പ്രതിയല്ലെങ്കില്‍ ഇന്ന് അഞ്ഞൂറ്റിയെട്ടാം ദിവസം എന്ത് തെളിവാണ് കിട്ടിയിരിക്കുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു.
ആര്‍ എസ് എസിനെ പ്രീതിപ്പെടുത്തുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നത്. അതിലൂടെ എന്തെങ്കിലും രാഷ്ട്രീയലാഭം കിട്ടുമോ എന്ന് ഉമ്മന്‍ചാണ്ടി നോക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടും മൂന്നും സഖാക്കള്‍ കൊല്ലപ്പെട്ട് അവരുടെ ചോരയുണങ്ങുന്നതിന് മുമ്പ് വേദന കടിച്ചമര്‍ത്തി സമാധാന ചര്‍ച്ചകളില്‍ പങ്കെടുത്തവരാണ് ഞങ്ങള്‍. ആ സമാധനചര്‍ച്ചയുടെ രേഖയില്‍ മഷിയുണങ്ങുന്നതിന് മുമ്പ് വീണ്ടും കൊലപാതകം നടത്തിയവരാണ് ആര്‍ എസ് എസുകാര്‍. ഞങ്ങള്‍ എപ്പോഴും സമാധാനത്തിനാണ് ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ്, അക്രമം അവസാനിപ്പിക്കുന്നതിനെപ്പറ്റി ചര്‍ച്ചയാകാമെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതിനോട് സഹകരിക്കാമെന്ന് പറഞ്ഞത് - പിണറായി വിജയന്‍ വ്യക്തമാക്കി.