കണ്ണൂര്‍|
Last Modified ചൊവ്വ, 19 ജനുവരി 2016 (21:47 IST)
സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്കാന്‍ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. വൈകുന്നേരത്തോടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതെന്നാണ് വിവരം.
ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയായിരുന്നു. രാവിലെ 11.55ന് പരിഗണിച്ച കേസില്‍ 45 മിനിറ്റോളം ഇരുഭാഗവും വാദം നടത്തിയിരുന്നു.
ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാന്‍ കാരണമെന്നായിരുന്നു ജയരാജന്റെ അഭിഭാഷകന്‍ കെ വിശ്വന്‍ വാദിച്ചത്. അന്വേഷണം തുടങ്ങിയിട്ട് 505 ദിവസമായി. ഇത്രയും ദിവസമായിട്ടും ജയരാജനെതിരെ തെളിവ് ശേഖരിക്കാന്‍ സി ബി ഐക്ക് സാധിച്ചിട്ടില്ലെന്നും ജയരാജന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ വാദമുഖങ്ങള്‍ പരിഗണിക്കാതെ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.