തിരുവനന്തപുരം|
JOYS JOY|
Last Modified ശനി, 14 മാര്‍ച്ച് 2015 (08:00 IST)
സംസ്ഥാനത്ത് ഇടതുമുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞദിവസം നിയമസഭയിലും പുറത്തുമുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്ന് പരീക്ഷകളെ ഒഴിവാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച, ഉച്ചയ്ക്കു ചേര്‍ന്ന അടിയന്തര ഇടതുമുന്നണി യോഗത്തിലായിരുന്നു ഹര്‍ത്താല്‍ തീരുമാനം. വനിതാ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ ഭരണപക്ഷം മര്‍ദ്ദിച്ചെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വനിത കൂട്ടായ്മ നടത്തുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
അതേസമയം, എല്‍.ഡി.എഫ് ആഹ്വാനം ചെയ്‌തിരിക്കുന്ന ഹര്‍ത്താല്‍ നാണക്കേട് മറയ്‌ക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഹര്‍ത്താലിനെ നേരിടാനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്ന് കെ.എം മാണിക്ക് നാളെ നല്‍കാനിരുന്ന സ്വീകരണം മാറ്റിവെച്ചു.