തോരാമഴ, സംസ്ഥാനം ദുരിതത്തില്‍, ട്രെയിനുകള്‍ റദ്ദാക്കി, മരണസംഖ്യ ഉയര്‍ന്നു

തിരുവനന്തപുരം| Last Modified വ്യാഴം, 8 മെയ് 2014 (16:12 IST)
സംസ്ഥാനത്ത് തോരാമഴ. തുടരുമെന്നും കൂടുതല്‍ ശക്തമാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. പല ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മഴക്കെടുതികള്‍ മൂലം മരണസംഖ്യയും ഉയര്‍ന്നിട്ടുണ്ട്.

എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കെടുതിക്ക് ആശ്വാസമായി 110 കോടിയുടെ ധനസഹായമാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 12നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്.

എറണാകുളം സൗത്ത് - നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ പല ട്രാക്കുകളും വെള്ളത്തിനടിയിലാണ്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കി. പല സര്‍വീസുകളും റദ്ദാക്കുകയും ഒട്ടേറെ ട്രെയിനുകളുടെ സമയക്രമം പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്.

തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇപ്പോള്‍ മഴ കനത്തിരിക്കുന്നത് വടക്കന്‍ ജില്ലകളിലാണ്. തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പുപോലും മഴമൂലം അനിശ്ചിതത്വത്തിലായി. സാമ്പിള്‍ വെടിക്കെട്ട് നിര്‍ത്തിവയ്ക്കേണ്ടിവന്നിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :