സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിക്കും

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സംസ്ഥാനത്തു ബസ് ചാര്‍ജ് വര്‍ദ്ധിക്കുമെന്ന് ഉറപ്പായി. സ്വകാര്യ ബസ്സുകളുടെ യാത്രാനിരക്കു വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാന്‍ മന്ത്രിസഭാ ഉപസമിതിയെ തിരുവനന്തപുരത്തു ചേര്‍ന്ന എല്‍ ഡി എഫ് യോഗം ചുമതലപ്പെടുത്തി. ഇതനുസരിച്ച് മിനിമം ചാര്‍ജ് നാല് രൂപയായേക്കും. അതേസമയം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ വര്‍ദ്ധനയുണ്ടാകില്ലെന്ന് എല്‍ ഡി എഫ് തീരുമാനിച്ചു.

ഉച്ചയ്‌ക്കു ശേഷം ബസ് ചാര്‍ജ് വര്‍ദ്ധനയെക്കുറിച്ച് പഠനം നടത്തിയ നാറ്റ്‌പാക്കിന്‍റെ റിപ്പോര്‍ട്ട് ലഭിക്കും. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും മന്ത്രിസഭാ ഉപസമിതി തീരുമാനം കൈക്കൊള്ളുക. തീരുമാനം കൈക്കൊണ്ടതിനു ശേഷം ബസ് ഉടമകളുമായി ചര്‍ച്ച നടത്തും. ഇതിലായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.

മന്ത്രിസഭാ ഉപസമിതിയുടെ യോഗം മൂന്നു മണിക്ക് ചേരും. എല്ലാ ഘടകകക്ഷികളിലും നിന്നുള്ള മന്ത്രിമാര്‍ ഉപസമിതിയില്‍ ഉണ്ട്. മൂന്ന് മന്ത്രിമാരെ കുടി ചേര്‍ത്ത് ഉപസമിതി വികസിപ്പിച്ചു.

അതേസമയം ബസ് സമരം നിര്‍ത്തിയിട്ട് മതി ചാര്‍ജ് വര്‍ദ്ധനയെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പണിമുടക്ക് കാരണം ജനം വലിയ ദുരിതമനുഭവിക്കുകയാണ്.

അതുകൊണ്ട് തന്നെ ആദ്യം സമരം അവസാനിപ്പിച്ച് ബസ്സുകള്‍ അടിയന്തിരമായി നിരത്തിലിറങ്ങണം. അതിനു ശേഷം മതി ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച ചര്‍ച്ചകളും നയപരമായ തീരുമാനങ്ങളുമെന്നുമാണ് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരിക്കുന്നത്. ജസ്‌റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :