സംസ്ഥാനത്തെ ബസ് യാത്രാനിരക്കുകളില്‍ വരുത്തിയ ഇളവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്ന് മിനിമം നിരക്കില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കുറവ് വരുത്തിയിരുന്നു. ഇത് സംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.
മിനിമം ചാര്‍ജ് 3.50 പൈസ ആയിട്ടാണ് കുറച്ചിരിക്കുന്നത്. ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളുടെ നിരക്കുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ ഫാസ്റ്റിന്‍റെ കുറഞ്ഞ നിരക്ക് അഞ്ച് രൂപയില്‍ നിന്ന് 4.50പൈസയും സൂപ്പര്‍ ഫാസ്റ്റിന്‍റെ നിരക്ക് പത്ത് രൂപയില്‍ നിന്ന് എട്ട് രൂപയും എക്സ്പ്രസ്സിന്‍റെ നിരക്ക് 15 രൂപയില്‍ നിന്ന് 10 രൂപയും ആകും.
ഓര്‍ഡിനറി ബസുകളുടെ കിലോമീറ്റര്‍ ചാര്‍ജ് 52 പൈസയും ഫാസ്റ്റിന് 55ഉം സൂപ്പര്‍ ഫാസ്റ്റിന് 58ഉം സൂപ്പര്‍ എക്സ്പ്രസിന് 62 പൈസയും ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ബസുടമകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണ ഇന്ധന വില കുറച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യാത്രാ നിരക്ക് കുറയ്ക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനം.