ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വീണ്ടും ഗോവിന്ദച്ചാമി‍!

തൃശൂര്‍| WEBDUNIA|
എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വീണ്ടും ഒറ്റക്കയ്യന്റെ വിളയാട്ടം. ട്രെയിനില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടത്ര സുരക്ഷ നല്‍‌കുന്നുണ്ട് എന്ന് റെയില്‍‌വേ അധികൃതര്‍ പറയുന്നതില്‍ ഒട്ടും കാര്യമില്ല എന്ന് ഈ സംഭവം തെളിയിക്കുന്നു. വടക്കാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും സ്ഥിരമായി തമ്പടിക്കുന്ന മേലേപ്പറമ്പില്‍ ജോര്‍ജ്ജ് (45) എന്ന ഒറ്റക്കയ്യനാണ് ബുധനാഴ്ച വൈകിട്ടത്തെ ഷൊര്‍ണൂര്‍ പാസഞ്ചറില്‍ പരാക്രമം കാട്ടിയത്.

മദ്യലഹരിയിലായിരുന്ന ജോര്‍ജ്ജ് യാത്രക്കാരിയായ ഒരു പെണ്‍‌കുട്ടിയോട് അസഭ്യം പറഞ്ഞതോടെയാണ് ട്രെയിനില്‍ ബഹളം തുടങ്ങിയത്. പെണ്‍‌കുട്ടി യാത്ര ചെയ്തിരുന്ന ബോഗിയിലെ മറ്റ് സ്ത്രീകള്‍ ജോര്‍ജ്ജിനോട് കയര്‍ത്തു. തുടര്‍ന്ന് ജോര്‍ജ്ജ് സ്ത്രീകളെ അസഭ്യം പറയുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചില സ്ത്രീകള്‍ ട്രെയിന്‍ അലര്‍ട്ട്‌ നമ്പറില്‍ വിളിച്ച്‌ സഹായം തേടാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് ആരും എടുക്കുകയുണ്ടായില്ല.

ഇതിനിടെ, കറുകുറ്റിയില്‍ ഇറങ്ങേണ്ടിയിരുന്ന പെണ്‍കുട്ടി പേടിച്ച്‌ അങ്കമാലിയില്‍ ഇറങ്ങിപ്പോയി. ജോര്‍ജ്ജ് അപ്പോഴും അസഭ്യം പറയുന്നത് നിര്‍ത്തിയിരുന്നില്ല. ശല്യം കൂടിയതോടെ മറ്റു ബോഗികളിലെ യാത്രക്കാരും ഇടപെട്ടു. രോഷാകുലരായ യാത്രക്കാര്‍ ഇയാളെ ബാത്ത്‌റൂമിന്റെ ഭാഗത്തായി തടഞ്ഞുവച്ചു. ഇയാളുടെ കൈയിലുണ്ടായിരുന്ന ഒരു കവര്‍ പരിശോധിച്ചപ്പോള്‍ അതില്‍ നീളത്തിലുള്ള ഒരു ചില്ലുകഷണവും കുറച്ച്‌ കഞ്ചാവുപൊതികളും കണ്ടെത്തി.

കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ വീണ്ടും അലെര്‍ട്ട് നമ്പറില്‍ വിളിച്ചു. പ്രതിയെ ചാലക്കുടി സ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുക്കാം എന്ന് ഉറപ്പും കിട്ടി. എന്നാല്‍ ചാലക്കുടി സ്റ്റേഷനില്‍ പൊലീസൊന്നും എത്തിയതുമില്ല. ഇരിങ്ങാലക്കുടയില്‍ വണ്ടി പിടിച്ചിട്ട സമയത്ത് സ്റ്റേഷന്‍ മാസ്റ്ററുടെ സഹായത്തോടെ യാത്രക്കാര്‍ ആര്‍പിഎഫിനെ ബോഗിയില്‍ എത്തിച്ചു.

ജോര്‍ജ്ജിനെ ഇറക്കിവിട്ട് പ്രശ്നം പരിഹരിക്കാമെന്ന് ആര്‍പിഎഫ് പറഞ്ഞെങ്കിലും യാത്രക്കാര്‍ സമ്മതിച്ചില്ല. അവസാനം വണ്ടി തൃശൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയെ ആര്‍പിഎഫിന്റെ സഹായത്തോടെ തൃശൂര്‍ റെയില്‍വേ പോലീസിനു കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇയാള്‍ക്കെതിരെ പരാതിയൊന്നും ഇല്ലെന്ന് പോലീസ്‌ അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യംചെയ്തുവരികയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :