ഷിബു ബേബി ജോണിന് മനംമാറ്റം; മോഡിയെ കണ്ടത് തെറ്റായിപ്പോയി!
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയത് തെറ്റായിപ്പോയെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. കൂടിക്കാഴ്ച വിവാദമായതും ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയതുമാണ് ഷിബുവിന്റെ മനംമാറ്റത്തിന് കാരണം എന്നാണ് സൂചന. രാഷ്ട്രീയ വിവാദം മുന്നില്‍ക്കണ്ട് താന്‍ കൂടിക്കാഴ്ച ഒഴിവാക്കേണ്ടിയിരുന്നു എന്നും ഷിബു ഒരു ചടങ്ങില്‍ സംസാരിക്കവേ പറഞ്ഞു.
ഇക്കാര്യത്തില്‍ താന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. മോഡിയുടെ രാഷ്ട്രീയത്തോടോ വികസനമോഡലിനോടോ തനിക്ക് യോജിപ്പില്ല. ഗുജറാത്ത് തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് താന്‍ ശ്രമിച്ചത്. എന്നാല്‍ മോഡിയെ കണ്ടാല്‍ മാത്രമേ തൊഴില്‍ മന്ത്രിയെ കാണാന്‍ സാധിക്കുകയുള്ളൂ എന്ന സാഹചര്യം വന്നപ്പോഴായിരുന്നു കൂടിക്കാഴ്ച വേണ്ടിവന്നത്. യുഡിഎഫിനേയോ കോണ്‍ഗ്രസിനേയോ അറിയിച്ചല്ല താന്‍ മോഡിയെ കണ്ടത്- ഷിബു ബേബി ജോണ്‍ പറഞ്ഞു.
അഹമ്മദാബാദില്‍ വ്യാഴാഴ്ച ആയിരുന്നു മോഡി- ഷിബു ബേബി ജോണ്‍ കൂടിക്കാഴ്ച നടന്നത്. മോഡിയ്ക്ക് അദ്ദേഹം ആറന്‍മുള കണ്ണാടി സമ്മാനിക്കുകയും ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ് യോഗത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തിലെത്തിയപ്പോഴാണ് ഷിബു മോഡിയെ കണ്ടത്. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വിവാദവും പുകഞ്ഞു.
കൂടിക്കാഴ്ചയെ ന്യായീകരിച്ചാണ് ഷിബു ബേബി ജോണ്‍ ആദ്യം പ്രതികരിച്ചത്. വികസന വിഷയമാണ് താനും മോഡിയും ചര്‍ച്ച ചെയ്തതെന്ന് അദ്ദേഹം പറയുകയുണ്ടായി. വ്യവസായ കേന്ദ്രം തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ച. ഗുജറാത്ത് തൊഴില്‍ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയെ കാണുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് കൂടിക്കാഴ്ച. ഇക്കാര്യങ്ങള്‍ ഇനി അദ്ദേഹത്തെ ധരിപ്പിക്കും. ബിജെപി നേതാവിനെയല്ല, ഗുജറാത്ത് മുഖ്യമന്ത്രിയെയാണു താന്‍ കണ്ടതെന്നു ഷിബു ബേബി ജോണ്‍ കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ച വിവാദമായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബു ബേബി ജോണിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.
അതേസമയം കൂടിക്കാഴ്ചയ്ക്കെതിരെ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ സി വേണുഗോപാല്‍, ചീഫ് വിപ്പ് പി സി ജോര്‍ജ് തുടങ്ങിയവര്‍ രംഗത്തെത്തി. ഗുജറാത്തില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്ന് വയലാര്‍ രവി പറഞ്ഞു. ഗുജറാത്ത് മോഡല്‍ വികസനം കേരളത്തിനു വേണ്ടെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
വികസനത്തിനു ഗുജറാത്ത് മാതൃക വേണ്ടെന്നു പി സി ജോര്‍ജും പ്രതികരിച്ചു. മോഡിയെ കണ്ടത് മര്യാദകേടാണ്. കേരളത്തിന്റെ വികസന കാര്യങ്ങള്‍ മോഡി നിശ്ചയിക്കട്ടേയെന്ന് പറയുന്നത് അപഹാസ്യമാണെന്നും ജോര്‍ജ്ജ് പറഞ്ഞു.