തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 18 മെയ് 2015 (13:46 IST)
ഇ ശ്രീധരന്റെ നിലപാടുകള്‍ക്ക് അംഗീകാരം. ലൈറ്റ് മെട്രോ മതിയെന്ന ശ്രീധരന്റെ നിര്‍ദ്ദേശം അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മെട്രോവിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീധരനും ഡി എം ആര്‍ സിയും പദ്ധതിയുമായി സഹകരിക്കും. ലൈറ്റ് മെട്രോ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ടെന്നും ഉന്നതതലയോഗം തീരുമാനിച്ചു. അതേസമയം, നിര്‍മ്മാണക്കാര്യത്തില്‍ അന്തിമതീരുമാനം മന്ത്രിസഭയെടുക്കും.
ലൈറ്റ് മെട്രോയ്ക്ക് സ്വകാര്യ പങ്കാളിത്തം വേണ്ടന്ന് തീരുമാനിച്ച ഉന്നതതലയോഗം ധനവകുപ്പിന്റെ പി പി പി നിര്‍ദ്ദേശങ്ങള്‍ തള്ളുകയും ചെയ്തു. ലൈറ്റ് മെട്രോ പദ്ധതിയില്‍ 20 % സംസ്ഥാന സര്‍ക്കാരിന്റെയും 20 % കേന്ദ്രസര്‍ക്കാരിന്റെയും പങ്കാളിത്തതോടെ ആയിരിക്കും നടപ്പാക്കുക. ബാക്കി ലോണ്‍ ആയിരിക്കും. പദ്ധതിയുടെ ലാന്‍ഡ് കോസ്റ്റ് ടാക്സ് ഒഴികെയുള്ള തുകയായിരിക്കും ലോണ്‍ എടുക്കുക.
ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് ഇ ശ്രീധരന്‍ നേരത്തെ തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു. സംസ്ഥാനത്തു തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടപ്പാക്കാനുദേശിക്കുന്ന ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം വേണമെന്നായിരുന്നു ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്.
സ്വകാര്യപങ്കാളിത്തം വേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ താന്‍ പദ്ധതിയില്‍ നിന്നും പിന്മാറുമെന്നും ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.