ശാസ്താംകോട്ടയില്‍ ഭൂചലനം; നിരവധി വീടുകള്‍ വിണ്ടുകീറി

ശാസ്താംകോട്ട: | WEBDUNIA|
PRO
PRO
തടാകതീരത്തെ കല്ലടകുന്നില്‍ ഭൂചലനം. നിരവധി വീടുകളുടെ ഭിത്തി വിണ്ടുകീറി. ജനം ഭീതിയില്‍. തടാകത്തിന്റെ തെക്കേക്കരയിലുള്ള വലിയപാടം കല്ലടകുന്ന് എന്നറിയപ്പെടുന്ന പ്രദേശത്തെ ഏഴ്‌ വീടുകളാണ്‌ ഭൂചലനത്തില്‍ ഭാഗികമായി തകര്‍ന്നത്‌. പ്രദേശത്ത് മുന്‍പുണ്ടായിരുന്ന കുന്നുകള്‍ ഭൂമാഫിയാ സംഘങ്ങള്‍ ഇടിച്ചു നിരത്തി മണ്ണും കല്ലും ഖനനം ചെയ്ത സ്ഥലങ്ങളില്‍ പിന്നീട്‌ നിര്‍മ്മിച്ച വീടുകള്‍ക്കാണ്‌ ഭൂചലനത്തില്‍ നാശനഷ്ടമുണ്ടായത്‌.

കുന്നുകള്‍ ഇടിച്ചുനിരത്തിയതോടെ ഈ പ്രദേശങ്ങളിലെ ഭൂസന്തുലിതാവസ്ഥയെ ദോഷകരമായി ബാധിച്ചതായി പഠനസംഘങ്ങള്‍ വിലയിരുത്തിയിരുന്നു. തടാകത്തെ സംരക്ഷിച്ചിരുന്ന കുന്നുകള്‍ ഇല്ലാതായതോടെ തടാത ജലനിരപ്പും ആശങ്കാജനകമായി താഴുന്നതായി സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സ്റ്റഡീസിലെ ശാസ്ത്രജ്ഞര്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പടിഞ്ഞാറെ കല്ലടയിലെ അനധികൃത മണലൂറ്റും കല്ലട കുന്നുകള്‍ ഇടിച്ചു നിരത്തിയതുമാണ്‌ തടാകത്തിന്റെ തകര്‍ച്ചയ്ക്ക്‌ കാരണമായതായി പ്രാഥമിക റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നത്‌.

പ്രദേശത്ത് ഭൂചലനംകൂടി അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്‌. നാട്ടുകാര്‍ കൂട്ടത്തോടെ മറ്റ്‌ പ്രദേശങ്ങളിലുള്ള ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്‌. തോണ്ടലില്‍ സരസമ്മ, ഗോപസദനത്ത്‌ ഗോപാലകൃഷ്ണന്‍, ആചാരി, തോണ്ടലില്‍ സീത, ഷീബാഭവനത്തില്‍ ജയദേവന്‍, രഞ്ജിത്ത്‌ ഭവനത്തില്‍ രതീഷ്‌, പ്ലാനിലത്ത്‌ മോഹനന്‍, ഗംഗാസദനത്ത്‌ ശാന്ത എന്നിവരുടെ വീടുകളാണ്‌ വിണ്ടുകീറിയത്‌. ജില്ലാ പഞ്ചായത്തംഗം കാരുവള്ളില്‍ ശശി, കുന്നത്തൂര്‍ തഹസീല്‍ദാര്‍ ബേബി സുധീര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. തകര്‍ന്ന വീടുകളില്‍ താമസിച്ചവരെ മറ്റു വീടുകളിലേക്ക്‌ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :