ശബരിമല വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍: വിഎസ് ശിവകുമാര്‍
ശബരിമല|
WEBDUNIA|
Last Modified ചൊവ്വ, 21 ജനുവരി 2014 (18:18 IST)
PRO
PRO
ശബരിമലയുടെ ചരിത്രത്തിലെ സുപ്രധാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കം കുറിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡുംചേര്‍ന്ന് 140 കോടിയോളം രൂപയുടെ പദ്ധതികളാണ് ഉടന്‍ ആരംഭിക്കുന്നത്.
ഇവയില്‍ ഭൂരിഭാഗവും ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കുമെന്നും മാലിന്യസംസ്‌കരണപ്ലാന്റ് ഒക്‌ടോബര്‍ 31 ന് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന്റെ സമാപനദിവസമായ ഇന്നലെ (ജനുവരി 20), ഉത്സവ കാലയളവ് വിജയിപ്പിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച എല്ലാവര്‍ക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.
സന്നിധാനത്ത് പുതിയ അപ്പം അരവണപ്ലാന്റ് അടുത്ത സീസണുമുമ്പ് തുടങ്ങും. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ഇരുപത്തിയഞ്ചോളം ക്യൂ കോംപ്ലക്‌സുകള്‍ സ്ഥാപിക്കും. ഭസ്മക്കുളം നവീകരിക്കും. വലിയ നടപ്പന്തലിന് ഒരു നിലകൂടി നിര്‍മ്മിക്കുന്ന പദ്ധതിക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മാളികപ്പുറം ക്ഷേത്രം 6.5 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. പമ്പ-സന്നിധാനം റോപ്പ്‌വേ നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഉടന്‍ തുടങ്ങും.
ഇതുകൂടാതെ നിലയ്ക്കലില്‍ 77 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും അടുത്ത സീസണില്‍ ആരംഭിക്കും. ശുദ്ധജല സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനായി, നാല് കോടി രൂപ ചെലവില്‍, കുന്നാര്‍ ഡാമിലെ തടയണയുടെ ഉയരംകൂട്ടും. ശബരിമലയിലെ ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ചും വിലയെക്കുറിച്ചുമുള്ള ദീര്‍ഘകാല പരാതികള്‍ക്ക് പരിഹാരം കാണാന്‍, തിരുപ്പതി മാതൃകയില്‍, ഹൈടെക് സംവിധാനങ്ങളോടെ, ഒരേസമയം 4000 പേര്‍ക്കുവീതം ഭക്ഷണം കഴിക്കാവുന്ന നാല് അന്നദാനമണ്ഡപങ്ങള്‍ സന്നിധാനത്ത് ആരംഭിക്കും. മരക്കൂട്ടത്ത് അണ്ടര്‍പ്പാസ് നിര്‍മ്മിച്ചതിലൂടെ ആ ഭാഗത്തെ തിക്കിനും തിരക്കിനും ശാശ്വതപരിഹാരമായിട്ടുണ്ട്.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ബയോ യൂറിനലുകള്‍ തീര്‍ഥാടനത്തിന്റെ ശുചിത്വത്തിന് ഏറെ സഹായകമായിട്ടുണ്ട്. എല്ലാ സീസണിലെയും പ്രധാന പ്രശ്‌നമായിരുന്ന കുടിവെള്ള ദൗര്‍ലഭ്യം പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞു. ശബരിമലയിലുള്ള പ്രധാന റോഡുകളെല്ലാം മികച്ച രീതിയില്‍ ഗതാഗതയോഗ്യമാക്കിയിരുന്നു. പോലീസ്, ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ്, അഗ്നിശമന -സേനകള്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചു. കെ.എസ്.ആര്‍.ടി.സി ആവശ്യാനുസരണം ബസ് സര്‍വ്വീസുകള്‍ നടത്തി.
ആഭ്യന്തരം, പൊതുഭരണം, റവന്യൂ, ആരോഗ്യം, പൊതുമരാമത്ത്, ജലവിഭവം, ഗതാഗതം, ഊര്‍ജ്ജം, വനം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് മുതലായ സര്‍ക്കാര്‍ വകുപ്പുകളിലെയും ദേവസ്വം ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത് എന്നും അമൃതാനന്ദമയി മഠവും അയ്യപ്പസേവാസംഘവും വിശുദ്ധി സേനാംഗങ്ങളും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കാളികളായി എന്നും ഉത്സവം വിജയകരമാക്കുന്നതില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച എല്ലാ മാധ്യമപ്രവര്‍ത്തകരെയും മന്ത്രി അനുമോദിച്ചു.