വൈദ്യുതി ബോര്‍ഡിലെ കരാര്‍ ജീവനക്കാര്‍ക്ക് അഞ്ചു മാസമായി ശമ്പളമില്ല
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
വൈദ്യുതി ബോര്‍ഡിലെ കരാര്‍ ജീവനക്കാര്‍ക്ക് അഞ്ചു മാസമായി ശമ്പളമില്ല. ലൈന്‍ വര്‍ക്ക് ഉള്‍പ്പെടെ വൈദ്യുതി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കുന്നത് 12,000ത്തോളം വരുന്ന കരാര്‍ ജീവനക്കാരാണ്. ഇവരില്‍ പലര്‍ക്കും 10 മുതല്‍ 15 വരെ വര്‍ഷം സര്‍വ്വീസുണ്ട്. 6000 ലൈന്‍ വര്‍ക്കര്‍മാര്‍ക്കു പുറമെ മീറ്റര്‍ റീഡര്‍, സബ് സ്റ്റേഷന്‍ ഓപ്പറേറ്റര്‍, ബില്ലിംഗ് അസിസ്റ്റന്റ്, ഉത്പാദന മേഖലയിലെ സാങ്കേതിക വിഭാഗം എന്നിവയിലെല്ലാം കരാര്‍ തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യോഗ്യതയും ജോലിയുടെ സ്വഭാവവും അനുസരിച്ച് 6000 മുതല്‍ 12,000 രൂപ വരെയാണ് ശമ്പളം.
വൈദ്യുതി ബോര്‍ഡിലെ കരാര്‍ ജീവനക്കാരുടെ വേതനം ശമ്പള ബില്ലിനു പകരം വര്‍ക്ക് ബില്ലായിട്ടാണ് എഴുതുന്നത്. എന്നാല്‍, ഇതിനാവശ്യമായ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്നില്ല. സംസ്ഥാനത്ത് പലയിടത്തും പല ശമ്പളമാണ് കരാര്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്നത്. ഒരു ജില്ലയില്‍ത്തന്നെ വ്യത്യസ്ത ശമ്പളമുള്ള സ്ഥലങ്ങള്‍ ഉണ്ട്. കരാര്‍ ജീവനക്കാരന്‍ അപകടത്തില്‍പ്പെട്ടാല്‍ നഷ്ടപരിഹാരമോ ആശ്രിത നിയമനമോ നല്‍കാറില്ല. 15 വര്‍ഷത്തോളം സര്‍വ്വീസുള്ളവര്‍പോലും ഇപ്പോള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്.
2004 ഡിസംബര്‍ 15നു മുമ്പ് 1200 ദിവസം ജോലി ചെയ്ത മുഴുവന്‍ കരാര്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്ന കോടതി ഉത്തരവും ബോര്‍ഡ് അവഗണിച്ചു. ഈ സാഹചര്യത്തില്‍ ബോര്‍ഡിലെ കരാര്‍ തൊഴിലാളികള്‍ ജൂണ്‍ 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.