വെള്ളാപ്പള്ളിക്ക് ‘കൂപ്പുകൈ’ കിട്ടില്ല, വോട്ടര്‍മാരെ കൂപ്പുകൈ സംശയത്തിലാക്കുമെന്നും നിരീക്ഷണം

Vellappally, Kooppukai, Congress, BDJS, Sudheeran, വെള്ളാപ്പള്ളി, കൂപ്പുകൈ, കോണ്‍ഗ്രസ്, ബി ഡി ജെ എസ്, കൈപ്പത്തി, സുധീരന്‍
ന്യൂഡല്‍ഹി| Last Modified ബുധന്‍, 9 ഡിസം‌ബര്‍ 2015 (15:53 IST)
എസ് എന്‍ ഡി പിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരത് ധര്‍മ്മ ജനസേന(ബിഡിജെ‌എസ്‌)യ്ക്ക് ‘കൂപ്പുകൈ’ തെരഞ്ഞെടുപ്പ് ചിഹ്‌നമായി ലഭിക്കില്ല. ചട്ടപ്രകാരമുള്ള തടസം കാരണം കൂപ്പുകൈ ചിഹ്നമായി നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നിലവിലുള്ള ചിഹ്നങ്ങളോട് സാദൃശ്യമുള്ള ചിഹ്‌നങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസിന്‍റെ ചിഹ്നത്തോട് സാദൃശ്യമുള്ള ചിഹ്നത്തിനാണ് ബി ഡി ജെ എസ് ശ്രമിക്കുന്നതെന്നും അത് അംഗീകരിക്കാനാവില്ലെന്നും എങ്ങനെയും തടയുമെന്നും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞിരുന്നു. കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നം അംഗീകരിക്കാനാവില്ലെന്നാണ് സുധീരന്‍ പറഞ്ഞത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുധീരന്‍ പറഞ്ഞിരുന്നു. സുധീരന്‍ രേഖാമൂലം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ തന്നെ കൂപ്പുകൈ ചിഹ്നമായി നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

കൂപ്പുകൈ എന്ന ചിഹ്നം വോട്ടര്‍മാര്‍ക്കിടയില്‍ സംശയമുണ്ടാക്കാന്‍ സാധ്യതയുള്ളതാണെന്നും അത് അനുവദിക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന 10 ചിഹ്‌നങ്ങളില്‍ ഒന്ന് തെരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയുടെയും ചിഹ്നവുമായി സാദൃശ്യമില്ലാത്ത മൂന്ന് ചിഹ്‌നങ്ങള്‍ നല്‍കി അവയില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കുകയുമാണ് വേണ്ടത്. എന്തായാലും പുതിയ ചിഹ്നം ആവശ്യപ്പെട്ടുകൊണ്ട് ബി ഡി ജെ എസ് നേതൃത്വം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല.

സാധാരണയായി പുതിയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്താണ് കമ്മീഷന്‍ ചിഹ്നങ്ങള്‍ അനുവദിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :