പെരിയാര്‍ നദീതട ജലസേചന പദ്ധതിയുടെ ആലുവായില്‍ നിന്നുള്ള വരാപ്പുഴ ബ്രാഞ്ച് കനാലില്‍ വെള്ളമെത്താത്തതിനാല്‍ കര്‍ഷകര്‍ ദുരിതത്തില്‍. ആലങ്ങാട് പഞ്ചായത്തിലെ ചേര്‍ത്തനാട്, മാളികം പീടിക, തിരുവാലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വാഴ, ജോതി, പച്ചക്കറി എന്നിവ ഉണങ്ങി നശിക്കുന്നത്.
അഞ്ചുദിവസത്തിലൊരിക്കല്‍ ഈ ഭാഗത്തേക്ക് വെള്ളം തുറന്നുവിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കപ്പെടാത്തതാണ് കാരണം. പെരുമ്പാവൂര്‍, വാഴക്കുളം തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളം മാറ്റിവിടുകയാണെന്നാണ് ആക്ഷേപം.
പറവൂര്‍, വരപ്പുഴ ഭാഗത്തേക്കുള്ള വെള്ളത്തിന്റെ അളവ് കിട്ടുന്നില്ല. പലയിടങ്ങളിലും കിണറുകളില്‍ വെള്ളമില്ലാതായി. മാളികംപീടിക, ചേര്‍ത്തനാട് നിവാസികള്‍ പരാതി നല്‍കിയെങ്കിലും പരിഹാരമായില്ല. ആവശ്യമായ അളവില്‍ വെള്ളം അനുവദിച്ചുകിട്ടാത്തത് മൂലമാണ് ബ്രാഞ്ച് കനാലിലൂടെ വെള്ളമെത്താത്തതെന്ന് ആലുവ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടോജോ പറഞ്ഞു.
മുകളിലെ തകരാറുകളും ആവശ്യമായ അളവില്‍ വെള്ളം ലഭിക്കാത്തതുമാണ് തടസ്സമെന്നും ആലുവായില്‍നിന്ന് വിതരണം വൈകിക്കില്ലെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.