തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് പിതാവ് ആര്‍ ബാലകൃഷ്ണപിള്ള യു ഡി എഫ് യോഗത്തില്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് മന്ത്രി കെ ബി ഗണേഷ്കുമാര്‍ വികാരപരമായി പ്രതികരിച്ചു. വീട്ടുകാര്‍ തന്നെ പണ്ടേ ഉപേക്ഷിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“സിനിമയില്‍ അഭിനയിക്കാന്‍ പോയതിന് എന്നെ പത്തൊമ്പതാം വയസില്‍ തന്നെ വീട്ടുകാര്‍ ഉപേക്ഷിച്ചതാണ്. പട്ടാളത്തില്‍ ചേര്‍ന്നു വെടിയേറ്റു മരിച്ചാല്‍ പോലും അഭിമാനമേയുള്ളൂ എന്നായിരുന്നു അന്ന് വീട്ടുകാരുടെ നിലപാട്. ഒരാളെ ഒരു തവണ മാത്രമെ ഉപേക്ഷിക്കാന്‍ സാധിക്കൂ. അതുകൊണ്ടുതന്നെ വീട്ടുകാര്‍ ഉപേക്ഷിച്ചുവെന്നു പറയുന്നതില്‍ ആശങ്കയില്ല” - ഗണേഷ് പറഞ്ഞു.
പാര്‍ട്ടിയെ അനുസരിക്കാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്ടെന്നും അതിനാല്‍ തങ്ങളുടെ മന്ത്രിയെ പിന്‍വലിക്കുന്നു എന്നുമാണ് ആര്‍ ബാലകൃഷ്ണപിള്ള യു ഡി എഫ് യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിന് മതിയായ ഗൌരവം നല്‍കിയിട്ടില്ല.
എന്‍ എസ് എസിന്‍റെ മധ്യസ്ഥതയില്‍ ഇപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവരികയാണ്.