വിവാഹത്തിന് അണിയിച്ച മോതിരം മണവാളന് കൊടുത്തത് എട്ടിന്റെ പണി !

wedding , bride , groom , fire force , വിവാഹം , വധു , വരന്‍ ‍, അഗ്നിശമന സേന
കായംകുളം| സജിത്ത്| Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (17:19 IST)
വിവാഹശേഷം മണവാളന്റെ വിരലിൽ മോതിരം കുടുങ്ങി. വേദന സഹിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഗ്നിശമന സേനയുടെ സഹായത്തോടെയാണ് മോതിരം മുറിച്ചു മാറ്റിയത്. കായംകുളം സെന്റ് ആന്റണീസ് പള്ളിയിൽ ഇന്നലെ വിവാഹിതനായ നെടുമങ്ങാട് സ്വദേശി ജോണി ജോൺസന്റെ വിരലിലാണു മോതിരം കുടുങ്ങിയത്.

പള്ളിയില്‍ നടന്ന വിവാഹച്ചടങ്ങുകൾക്കു ശേഷം ഫോട്ടോ എടുക്കുന്നതിനിടയിലായിരുന്നു സംഭവം. മണവാളന് എന്തോ അസ്വസ്ഥതയുണ്ടെന്ന് തോന്നിയ ഫോട്ടോഗ്രഫർ കാര്യം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് വിവാഹത്തിനു ബന്ധുക്കളിൽ ആരോ ഇട്ട മോതിരം വിരലിൽ കുടുങ്ങി നീരുവച്ചതായി മണവാളന്‍ അറിയിച്ചത്. തുടര്‍ന്ന് മോതിരം ഊരിയെടുക്കാന്‍ ശ്രമം നടന്നെങ്കിലും അത് വിഫലമാകുകയായിരുന്നു.

തുടര്‍ന്ന് അടുത്ത ബന്ധുവിനോടു മാത്രം കാര്യം പറഞ്ഞ ശേഷം ഫൊട്ടോഗ്രഫറുമൊത്ത് മണവാളന്‍ അഗ്നിശമന കേന്ദ്രത്തിലെത്തി. വിരലിൽ നീരുകൂടിയതിനാൽ നൂൽ ഉപയോഗിച്ചു മോതിരം ഊരിയെടുക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ല. പിന്നീട് വിരലിനു പരുക്കു പറ്റാതെ മോതിരം മുറിച്ചു മാറ്റുകയായിരുന്നു.

ഇതിനിടെ മണവാളനെ കാണാതെ ബന്ധുക്കൾ അന്വേഷണം ആരംഭിച്ചിരുന്നു. മോതിരം ഊരി മാറ്റിയശേഷം തിരിച്ചു പള്ളിയിലെത്തിയപ്പോഴാണു മണവാട്ടി പോലും ഈ വിവരം അറിഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :