വിവരം മറച്ച് പാസ്പോര്‍ട്ടിന് ശ്രമിച്ച തച്ചങ്കരി!

കൊച്ചി| WEBDUNIA|
PRO
സസ്‌പെന്‍ഷനില്‍ കഴിയുന്ന പോലീസ് ഐജി ടോമിന്‍ തച്ചങ്കരി നിയമവിരുദ്ധമായി പാസ്‌പോര്‍ട്ട് നേടാന്‍ ശ്രമിച്ചത് വിവാദമാകുന്നു. പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച തച്ചങ്കരി അപേക്ഷയില്‍ ക്രിമിനല്‍ക്കേസില്‍ പ്രതിയാണോ എന്ന കോളത്തില്‍ അവ്യക്തമായ കാര്യങ്ങളാണു രേഖപ്പെടുത്തിയിരിക്കുന്നത്‌. കാര്യങ്ങള്‍ മറച്ചുവച്ച് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയതും ജീവനക്കാര്‍ അത് സ്വീകരിച്ചതും അതീവ ഗൗരവത്തോടെയാണ് പാസ്പോര്‍ട്ട് ഓഫീസ് എടുത്തിരിക്കുന്നത്.

നിലവില്‍ ഒരു ക്രിമിനല്‍ക്കേസിലും മൂന്നു വിജിലന്‍സ്‌ കേസുകളിലും പ്രതിയാണു ടോമിന്‍ ജെ തച്ചങ്കരി എന്നാണു വിവരം. ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ മജിസ്‌ത്രേട്ട്‌ കോടതിയില്‍ വിചാരണ നേരിടുകയുമാണ്.

ദേശീയ അന്വേഷണ ഏജന്‍സിയും തച്ചങ്കരിക്കെതിരെ അന്വേഷണം നടത്തിവരുന്നുണ്ട്. ഖത്തറില്‍ ചില തീവ്രവാദികളുമായി അദ്ദേഹം ബന്ധപ്പെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണിത്. ഈ സാഹചര്യത്തില്‍ പാസ്പോര്‍ട്ട് അപേക്ഷയിലെ ‘ക്രിമിനല്‍ക്കേസില്‍ പ്രതിയാണോ’ എന്ന ചോദ്യത്തിന് ‘അതെ’ എന്നാണ് തച്ചങ്കരി ഉത്തരം നല്‍കേണ്ടിയിരുന്നത്.

അവ്യക്തമായ കാര്യങ്ങളാണ് തച്ചങ്കരി അപേക്ഷയില്‍ നല്‍‌കിയിരിക്കുന്നതെന്ന് പാസ്പോര്‍ട്ട്‌ നല്‍കുന്നതിന്റെ അവസാനഘട്ടത്തിലാണ്‌ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്‌. ഉടന്‍തന്നെ തച്ചങ്കരിയോട്‌ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ചു വിശദീകരണം തേടി. എന്നാല്‍, ഇതിനു മറുപടിയായി കഴിഞ്ഞ വെള്ളിയാഴ്ച എഡിജിപി മഹേഷ്കുമാര്‍ സിംഗ്ലയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുകയാണു തച്ചങ്കരി ചെയ്തത്‌.

അപേക്ഷകന് ക്രിമിനല്‍ പശ്ചാത്തലമുള്ള സാഹചര്യത്തില്‍ എഡിജിപി മഹേഷ്കുമാര്‍ സിംഗ്ല ‘നോ ഒബ്ജക്ഷന്‍’ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതും വിവാദമായിട്ടുണ്ട്‌. എന്തായാലും, പാസ്‌പോര്‍ട്ട് അപേക്ഷയില്‍ തച്ചങ്കരി പല വിവരങ്ങളും മറച്ചുവച്ചിട്ടുള്ളത് പൊലിസിന്റെയും ആഭ്യന്തര വകുപ്പിന്റെയും ശ്രദ്ധയില്‍പെടുത്താന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ നടപടി സ്വീകരിക്കും എന്നാണ് അറിയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :