വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക... കറങ്ങിനടന്നാല്‍ വിവരമറിയും!

വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ ‘സുരക്ഷിത അധ്യയന വര്‍ഷം’ എന്ന പദ്ധതിയുമായി തൃശൂര്‍ സിറ്റി പൊലീസ് രംഗത്ത്

തൃശൂര്, പൊലീസ്, സ്ക്കൂള്‍ thrissur, police, school
തൃശൂര്| സജിത്ത്| Last Modified വ്യാഴം, 2 ജൂണ്‍ 2016 (16:34 IST)
വിദ്യാലയങ്ങള്‍ തുറന്ന സാഹചര്യത്തില്‍ ‘സുരക്ഷിത അധ്യയന വര്‍ഷം’ എന്ന പദ്ധതിയുമായി തൃശൂര്‍ സിറ്റി പൊലീസ് രംഗത്ത്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക, പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുക, പുകയില ഉല്‍പന്നങ്ങളും ലഹരി വസ്തുക്കളും സ്കൂള്‍ പരിസരങ്ങളില്‍ കിട്ടാതാക്കുക, അപകടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നിവയിലൂന്നിയ പ്രത്യേക പദ്ധതിയാണ് സിറ്റി പൊലീസ് കമീഷണര്‍ കെ ജി സൈമണിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.

ഇതിന്റെ ആദ്യപടിയായി സ്കൂള്‍ പരിസരങ്ങളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. കൂടാതെ വിദ്യാലയ പരിസരങ്ങളില്‍ ലഹരി പാനീയങ്ങളുടേയും മയക്കുമരുന്നിന്റേയും വില്പന അവസാനിപ്പിക്കാന്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, ആന്‍റി നാര്‍കോട്ടിക് സ്ക്വാഡ്, ഷാഡോ പൊലീസ് എന്നിവരുടെ സേവനം ഏര്‍പ്പെടുത്തും. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളെ കയറ്റാന്‍ തയാറാകാത്ത ജീവനക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. വിദ്യാര്‍ഥികളെ ഓട്ടോകളിലും മറ്റും കുത്തിനിറച്ച് കൊണ്ടുപോകുന്നത് തടയുന്നതിനായി കര്‍ശനപരിശോധന നടത്തും. കൂടാതെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രധാനപ്പെട്ട സ്റ്റോപ്പുകളിലും ബസ് സ്റ്റാന്‍ഡുകളിലും സ്കൂള്‍ പരിസരങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ത്താനും തീരുമാനമായി.

അതുപോലെ ക്ളാസുകളില്‍ കയറാതെ കറങ്ങി നടക്കുന്ന കുട്ടികളെ കണ്ടത്തെി ആ വിവരം രക്ഷിതാക്കളെയും സ്കൂള്‍ അധികൃതരെയും അറിയിക്കും. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാനായി മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ സംഘടിപ്പിക്കും. കൂടാതെ വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ പരാതിപ്പെടുന്നതിനായി 7025930100 എന്ന നമ്പറില്‍ വാട്ട്‌സ്‌ആപ്പായും 100 എന്ന നമ്പറില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കും വിളിച്ചറിയിക്കാമെന്നും കമീഷണര്‍ അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :