വിതുര പെണ്‍വാണിഭക്കേസിലെ പ്രതികളെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് തിരിച്ചറിഞ്ഞില്ല. പീഡനം നടന്നതായും എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടി വിചാരണ വേളയില്‍ കോടതിയില്‍ വ്യക്തമാക്കി. പലസ്ഥലങ്ങളിലായി തന്നെ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പലര്‍ക്കും കാഴ്ചവച്ചുവെന്നും പെണ്‍കുട്ടി വ്യക്തമാക്കി. 1995ല്‍ നടന്ന കേസില്‍ 18 വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെയും സാക്ഷികളെയും വിസ്തരിക്കാന്‍ കോടതി തീരുമാനിച്ചു.
വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവയില്‍ ഒന്‍പത് കേസുകളില്‍ വിചാരണ നടന്നിരുന്നു. അവശേഷിക്കുന്നവയില്‍ ഇന്ന് പരിഗണിച്ച അഞ്ചു കേസുകളില്‍ നാലെണ്ണത്തിലെ പ്രതികള്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. കേസ് വീണ്ടും പരിഗണിക്കുന്നത് ഈ മാസം 13 ലേക്ക് മാറ്റി.
കേസ് മുന്‍പ് പലതവണ കോടതി പരിഗണിച്ചുവെങ്കിലും പരാതിക്കാരിയായ യുവതി ഹാജരാകാത്തതിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാകാതിരുന്ന യുവതിയെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് പരാതിക്കാരി നേരിട്ട് ഹാജരായിരുന്നു. കേസിലെ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് പെണ്‍കുട്ടി നേരത്തെ മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പ്രതികളെ തിരിച്ചറിയാന്‍ പെണ്‍കുട്ടിക്ക് കഴിയാത്ത സാഹചര്യത്തില്‍ കേസിന്റെ ഭാവി അനിശ്ചിതത്വത്തിലായി. കേസ് ദുര്‍ബലമാകുമെന്നാണ് സൂചന.