വി എസ് - പിണറായി പോര് വീണ്ടും മറനീക്കി; ‘ദാമോദരന്റെ നിലപാട് അല്‍‌പ്പത്തം’

കൊച്ചി | WEBDUNIA|
PRO
PRO
വി എസ് - പിണറായി പോര് വീണ്ടും മുറുകുന്നു. കുറേക്കാലമായി ശമിച്ചിരുന്ന ഉള്‍പ്പാര്‍ട്ടിപ്പോര് വീണ്ടും ശക്തമായി മറനീക്കി പുറത്തു വന്നു. ഇതിന്റെ സൂചനയാ‍യാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്റെ അഭിഭാഷകന്‍ എംകെ ദാമോദരനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതിനെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കികാണുന്നത്. ഇ ബാലാനന്ദന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പിണറായിയുടെ അഭിഭാഷകന്‍ പറഞ്ഞത് അല്‍പ്പത്തരമാണെന്നു വിഎസ് വ്യക്തമാക്കിയത് ഈ സാഹചര്യത്തിലാണ്. ഒന്നും പഠിക്കാതെ ബാലാനന്ദന്‍ റിപ്പോര്‍ട്ട് തയാറാക്കില്ല. സോളാര്‍ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സിപിഎം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ സമരം ഒത്തുതീര്‍പ്പാക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്നും വിഎസ് പറഞ്ഞു.

ബാലാനന്ദന്‍ കമ്മിറ്റി പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും, റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ശരിയല്ലെന്നും എംകെ ദാമോദരന്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ പറഞ്ഞിരുന്നു. ബാലാനന്ദന്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പെ ലാവ്‌ലിന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും മന്ത്രിക്ക് ആ ഘട്ടത്തില്‍ ഒന്നും ചെയ്യാനാകുമായിരുന്നില്ലെന്നും പിണറായിയുടെ അഭിഭാഷകന്‍ എം കെ ദാമോദരന്‍ വാദിച്ചിരുന്നു.ഈ വാദത്തിനെതിരെയാണ് വിഎസ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം പാര്‍ലമെന്റ് അംഗമായിരുന്ന ബാലാനന്ദന്റെ അധ്യക്ഷതയിലുള്ള സമിതിയെ ഉന്നതാധികാര സമിതിയായി കണക്കാക്കണമെന്നും ഇത്തരം സമിതികള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ഗൗരവത്തോടെ കാണണമെന്നും കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സിബിഐ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വൈദ്യുതി പ്രതിസന്ധി പഠിച്ച ബാലാനന്ദന്‍ റിപ്പോര്‍ട്ട് ശരിയെന്ന് വിഎസ് അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ബാലാനന്ദന്‍ റിപ്പോര്‍ട്ട് കാര്യങ്ങള്‍ പഠിച്ചശേഷമുള്ളതാണെന്നാണ് വിഎസ് പറഞ്ഞത്. ബാലാനന്ദന്‍ കമ്മറ്റിക്കെതിരെ പിണറായി വിജയന്‍ കോടതിയില്‍ നിലപാടെടുത്തതിന് പിന്നാലെയാണ് വിഎസ് രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് പിണറായി വിജയന്റെ അഭിഭാഷകന്‍ എം കെ ദാമോദരനെതിരെ വിഎസ് രംഗത്തെത്തിയത്.

കൂടാതെ ഉപരോധ സമരം പൊടുന്നനെ അവസാനിപ്പിച്ച ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടില്‍ വി എസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സമരമുഖത്ത് നില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ വി എസിനെതിരേ നടപടി ഉടന്‍ വേണ്ടെന്നായിരുന്നു ഔദ്യോഗിക നേതൃ നിലപാട്. ഇതിനിടെയാണ് വീണ്ടും വി എസ് പിണറായിയുടെ അഭിഭാഷകന്റെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :