ബോള്‍ഗാട്ടി പദ്ധതിയ്ക്കും എം എ യൂസഫലിക്കും വി എസിന്റെ പരസ്യപിന്തുണ
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ലുലു മാള്‍, ബോള്‍ഗാട്ടി പദ്ധതികളില്‍ എം എ യൂസഫലിക്ക് പരസ്യപിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍. ലുലു മാളിന് അനുമതി നല്‍കിയതില്‍ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ലുലു ഭൂമി കയ്യേറിയിട്ടില്ലെന്നും പറഞ്ഞ വി എസ് എറണാകുളം ജില്ലാ കമ്മറ്റിയെ തിരുത്തുകയും ചെയ്തു. ജില്ലാ കമ്മറ്റിയെ വിഎസ് പരസ്യമായി തള്ളിയതോടെ വിഷയം സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. വിഷയം സംബന്ധിച്ച് പാര്‍ട്ടിയിലെ ഭിന്നത ജൂണ്‍ നാലിനാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യുക.
ലുലു മാളിന് അനുമതി നല്‍കിയതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്നാണ് വി എസ് പറഞ്ഞത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ദിനേശ് മണി കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് ബോള്‍ഗാട്ടി പദ്ധതി. പദ്ധതിയെ എതിര്‍ക്കുന്നവര്‍ അത് കൂടി ഓര്‍ക്കുക. തന്നെ അപമാനിച്ചതായി യൂസഫലി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയാറാകണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. ദിനേശ് മണിയും സിഐടിയും നേതാവ് എം എം ലോറന്‍സും പദ്ധതിക്കെതിരേ രൂക്ഷ വിമര്‍ശവുമായി രംഗത്തുവന്നതിനെക്കുറിച്ചായിരുന്നു വിഎസിന്റെ ഈ പ്രതികരണം.
കായല്‍ കയ്യേറിയാണ് ബോള്‍ഗാട്ടി പദ്ധതി നടപ്പാക്കുന്നതെന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം ഉന്നയിച്ച വിമര്‍ശനം. ലുലുമാള്‍ വന്ന ശേഷം ഇടപ്പളളിയില്‍ ഗതാഗത തടസ്സം വര്‍ധിച്ചു. അതുകൊണ്ട് മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് ലുലു സര്‍ക്കാരിനെ സഹായിക്കണമെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
അതേസമയം വിഎസിന്റെ പ്രസ്താവനയെ തള്ളി പാര്‍ട്ടി സംസ്ഥാന സമിതിയംഗം എം എം ലോറന്‍സ് വീണ്ടും രംഗത്തെത്തി. 4000 പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് കൊണ്ട് പദ്ധതിയെ വാഴ്ത്താന്‍ കഴിയില്ല. എന്തും ചെയ്യുന്നയാളാണ് യൂസഫലിയെന്നും ലോറന്‍സ് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചട്ടങ്ങള്‍ പാലിച്ച് തന്നെയാണ് യൂസഫലിയ്ക്ക് അനുമതി നല്‍കിയതെന്ന് അന്ന് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടി പ്രതികരിച്ചു.
ഇതിനിടെ ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്ന് യൂസഫലി പറഞ്ഞു. ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് യൂസഫലി കത്ത് നല്‍കി. മുടക്കിയ പണം തിരികെ കിട്ടിയാല്‍ ബോള്‍ഗാട്ടി പദ്ധതിക്കായി നല്‍കിയ ഭൂമി എപ്പോള്‍ വേണമെങ്കിലും വിട്ടുനല്‍കാം എന്നും കത്തില്‍ അറിയിക്കുന്നു.