തിരുവനന്തപുരം|
Last Modified ബുധന്‍, 24 ജൂണ്‍ 2015 (14:28 IST)
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തരംതാണതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി എസിനെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സുധീരന്‍ മാപ്പുപറയണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അരുവിക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ വിജയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിന്‍റെ വെപ്രാളത്തിലാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇടതുനേതാക്കള്‍ക്കെതിരെ വാക്കുകള്‍ കൊണ്ട് ആക്രമണം നടത്തുന്നത്. ഇപ്പോള്‍ യു ഡി എഫ് മന്ത്രിമാരുടെ സെക്സ് റാക്കറ്റിന്‍റെ വിവരങ്ങള്‍ പുറത്തുവരുന്നു. ബാര്‍ കോഴ സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളും മാധ്യമങ്ങള്‍ പുറത്തുവിടുന്നു. ജനം ഇതൊക്കെ മനസിലാക്കിട്ടുണ്ട്. യു ഡി എഫിന് ആര് വോട്ടുചെയ്യുമെന്നാണ് ഉമ്മന്‍ചാണ്ടിയും മറ്റുള്ളവരും പ്രതീക്ഷിക്കുന്നത്? - കോടിയേരി ചോദിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ മദ്യനയത്തെ എ കെ ആന്‍റണി പോലും പിന്തുണയ്ക്കുന്നില്ല. മദ്യനയത്തെ ആന്‍റണി തള്ളിപ്പറഞ്ഞു. വിജിലന്‍സ് കേസ് അന്വേഷണം അട്ടിമറിച്ചതിനെ ആന്‍റണി പോലും പരിഹസിക്കുന്നു - കോടിയേരി ചൂണ്ടിക്കാട്ടി.
അരുവിക്കരയില്‍ പണവും മദ്യവും സാരിയും കുടയും വിതരണം ചെയ്യുകയാണ് യു ഡി എഫ്. എല്ലാ തെരഞ്ഞെടുപ്പ് ചട്ടങ്ങളും അവര്‍ ലംഘിച്ചു. പൊലീസ് എസ്കോര്‍ട്ടോടെ മന്ത്രിമാര്‍ വോട്ടുപിടിക്കുകയാണ്. മഫ്തി പൊലീസുകാരും വോട്ടുപിടിക്കാനിറങ്ങുന്നു. പരാജയം ഉറപ്പായതോടെയാണ് അധികാര ദുര്‍വിനിയോഗത്തിന് യു ഡി എഫ് തയ്യാറാകുന്നത് - കോടിയേരി പറഞ്ഞു.
സി പി എമ്മിലും എല്‍ ഡി എഫിലും എല്ലാവരും ഒരുമിച്ചുനില്‍ക്കുകയാണെന്ന് ബോധ്യപ്പെടുത്താനായി ഒരേവേദിയില്‍ പ്രത്യക്ഷപ്പെടേണ്ടതിന്‍റെ ആവശ്യമില്ലെന്നും തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും കോടിയേരി പറഞ്ഞു. ഞങ്ങളെ ഓരോരുത്തരെയും ഏല്‍പ്പിച്ച ജോലികള്‍ കൃത്യമായി ചെയ്തുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ അത് ബോധ്യപ്പെടും - കോടിയേരി വ്യക്തമാക്കി.