സംസ്ഥാനം നേരിടുന്ന ഗുരുതരമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ജില്ലാതല വരള്‍ച്ചാ അവലോകന പര്യടനത്തിന് പത്തനംതിട്ടയില്‍ തുടക്കമായി. വരള്‍ച്ച നേരിടാന്‍ പഞ്ചായത്തുകള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി. 20 ലക്ഷത്തില്‍ താഴെയുള്ള കുടിവെള്ള പദ്ധതികള്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ഈ മാസം 23 വരെ സംസ്ഥാനത്തെ 13 ജില്ലകളിലാണു മുഖ്യമന്ത്രിയും സംഘവും വരള്‍ച്ച വിലയിരുത്താനെത്തുന്നത്. നേരത്തേ സന്ദര്‍ശിച്ചിരുന്നതിനാല്‍ വയനാട് ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. കൃഷിനാശവും കുടിവെള്ള വിതരണത്തിലെ പോരായ്മകളും ജലശ്രോതസിനെടുത്ത സംരക്ഷണത്തിനെടുത്ത നടപടികളും മുഖ്യമന്ത്രിയും സംഘവും വിശദമായി വിലയിരുത്തും.
റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്, ജലവിഭവമന്ത്രി പിജെ ജോസഫ്, കൃഷിമന്ത്രി കെപി മോഹനന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30ന് ആരംഭിച്ച യോഗത്തില്‍ എംഎല്‍എമാര്‍, എംപിമാര്‍, റവന്യൂ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരും ജന പ്രതിനിധികളും വിവിധ വകുപ്പ് മോധാവികളും പങ്കെടുത്തു.
മുന്‍പെങ്ങുമില്ലാത്തവിധം കടുത്ത വരള്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കൃഷി വകുപ്പ് എം എല്‍ എമാര്‍ക്ക് നല്‍കിയ വിഷുസമ്മാനം ഏറേ വിവാദമായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തനിക്ക് ലഭിച്ച എല്‍ സി ഡി ടി വി തിരിച്ച് നല്‍കിയിരുന്നു.