അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മുസ്ലീം മതത്തിലേക്ക് മതം മാറ്റം നടത്തുന്നതിനെതിരെ സംസ്ഥാനത്ത് ഹൈന്ദവ, ക്രിസ്ത്യന്‍ സംഘടനകള്‍ ഒന്നിക്കുന്നു. ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളിലെ പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലെ തീവ്രവാദികള്‍ പ്രണയിക്കുകയും വിവാഹം കഴിച്ച് മതം മാറ്റുകയുമാണെന്നാണ് ആരോപണം. മറ്റ് മതങ്ങളില്‍ നിന്ന് നിന്നുള്ളവരെ ഇസ്ലാം മതത്തിലേക്ക് മതം മാറ്റാനായി ഇസ്ലാം തീവ്രവാദികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ദൌത്യമാണ് ‘ലൌ ജിഹാദ്’ എന്നാണ് പ്രചരിക്കുന്നത്.
തീവ്രവാദികളുടെ ലൌ ജിഹാദ് ദൌത്യത്തില്‍ സംസ്ഥാനത്തെ ഒട്ടേറെ പെണ്‍കുട്ടികള്‍ പെട്ടിട്ടുണ്ടെന്ന് ആരോപിക്കുന്ന ഹൈന്ദവ, ക്രിസ്ത്യന്‍ സംഘടനകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ മതത്തില്‍ പെട്ട പെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കാനാണ് ക്രിസ്ത്യന്‍ മതസംഘടനകളും ഹിന്ദുമത സംഘടനകളും സഹകരിക്കുന്നത്
തുടക്കത്തില്‍ ക്രിസ്‌ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷനും വിഎച്ച്‌പിയുമാണ് കൈകോര്‍ക്കുന്നത്. ലൌ ജിഹാദിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ക്രിസ്‌ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകന്‍ കെഎസ് സോമനും വിഎച്ച്‌പി പ്രവര്‍ത്തകനായ വിനീഷും മാധ്യമങ്ങളെ അറിയിച്ചു. ഭാവിയില്‍, ഇരുമതത്തില്‍ നിന്നുമുള്ള കൂടുതല്‍ സംഘടനകളെ ലൌ ജിഹാദിനെതിരെ പങ്കെടുപ്പിക്കാനാണ് ശ്രമം.
കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ പള്ളി വികാരിമാരിലൂടെ ലൌ ജിഹാദിനെ പറ്റി വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി അറിയുന്നു. ഇസ്ലാം തീവ്രവാദികളുടെ ലൌ ജിഹാദില്‍ പെട്ടുപോകാതിരിക്കാന്‍ പെണ്‍കുട്ടികളുടെ മേല്‍ എപ്പോഴും ഒരു കണ്ണ് ഉണ്ടായിരിക്കണമെന്ന് മാതാപിതാക്കളോട് കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുതിയ വാര്‍ത്ത.
കോഴിക്കോട് നിന്നും കഴിഞ്ഞ ദിവസം ലൌ ജിഹാദ് സംഘം ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ രണ്ട് മതത്തില്‍ പെട്ടവര്‍ പ്രണയിച്ച് വിവാഹം ചെയ്യുന്നതും ബോധപൂര്‍വം മതം മാറുന്നതും തീവ്രവാദമായി കാണാനാകില്ലെന്ന് വാദവും ശക്തമായുണ്ട്.