തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടി മുന്നോട്ടു പോകുമെന്ന് സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന മൂന്നു ദിവസത്തെ സി പി എം സംസ്ഥാന സമിതിയോഗത്തിനു ശേഷം തിരുവനന്തപുരം എ കെ ജി സെന്‍ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായി. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകും. പരാജയത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ ആത്മപരിശോധന നടത്തും. കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ തിരുത്തല്‍ നടപടികളുമായി മുന്നോട്ടു പോകും.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച്, പാര്‍ട്ടിയുടെ ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ ഇത്തവണ ലംഘിക്കപ്പെട്ടു. സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ ഭരണം വേണ്ട രീതിയില്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യം കേരളത്തില്‍ സൃഷ്‌ടിച്ചു.
വിമോചനസമരക്കാലത്തിനു ശേഷം പാര്‍ട്ടിക്കെതിരെ ഏറ്റവും കടുത്ത മാധ്യമ കടന്നാക്രമണം ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണ് ഉണ്ടായത്. കേരളത്തിലെ മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം പാര്‍ട്ടിക്കെതിരെ വ്യാപകമായ പ്രചരണങ്ങളാണ് നടത്തിയത്. ഭൂരിപക്ഷം സീറ്റുകളും ലഭിക്കാനിടയില്ല എന്ന് തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ പാര്‍ട്ടി വിലയിരുത്തിയിരുന്നു. എന്നാല്‍, നവകേരള മാര്‍ച്ച് പാര്‍ട്ടിയിലാകെ ആത്മവിശ്വാസം വളര്‍ത്തിയിരുന്നു.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പി ഡി പി ബന്ധം വലിയ വിവാദമാക്കി ഉയര്‍ത്തിക്കൊണ്ടു വരാന്‍ യു ഡി എഫ് ശ്രമിച്ചു. പി ഡി പി ഇടതിന്‍റെ ഘടകമായിരുന്നില്ല. പ്രത്യേക വ്യവസ്ഥകളൊന്നും പി ഡി പിയുമായി പാര്‍ട്ടിക്ക് ഉണ്ടായിരുന്നില്ല. പി ഡി പിയുടെ പിന്തുണ ഇടതിന് നേട്ടമുണ്ടാക്കും എന്ന ആശങ്കയാണ് പി ഡി പിക്കെതിരെ രംഗത്തു വരാന്‍ യു ഡി എഫിനെ പ്രേരിപിച്ചത്. തീവ്രവാദ സംഘടനയായ എന്‍ ഡി എഫുമായുള്ള യു ഡി എഫിന്‍റെ ബന്ധം മറച്ചു വയ്ക്കുന്നതിനാണ് പി ഡി പി വിവാദം ഉയര്‍ത്തിക്കൊണ്ടു വന്നത്.
ക്രിസ്ത്യന്‍ സമുദായം മറ്റ് കാലങ്ങളെ അപേക്ഷിച്ച് കടുത്ത ഇടതു വിരുദ്ധനിലപാട് ആണ് ഇത്തവണ സ്വീകരിച്ചത്. റോമന്‍ കത്തോലിക്ക സഭ, വിമോചന സമരത്തിലെ തീഷ്ണതയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ക്രിസ്ത്യന്‍ മതസമുദായത്തില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും.
മുന്നണി തര്‍ക്കവും ജനങ്ങളില്‍ പാര്‍ട്ടിയെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കി. സി പി ഐയുമായുള്ള അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും, ജനതാദളിലെ ഒരു വിഭാഗം യു ഡി എഫിനോടൊപ്പം നില്‍ക്കുകയാണ് ചെയ്തത്. എല്‍ ഡി എഫിനൊപ്പം തന്നെ നിന്ന ദളിലെ വിഭാഗം തുടര്‍ന്നും മുന്നണിയില്‍ തന്നെയുണ്ടാകും. മുന്നണിയിലെ അനൈക്യം ജനങ്ങളില്‍ അതൃപ്തി ഉണ്ടാക്കി. മുന്നണി ഐക്യം പൂര്‍വാധികം ശക്തിയോടെ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ലാവ്‌ലിന്‍ വിഷയം യു ഡി എഫ് പ്രധാനപ്രശ്നമാക്കി. രാഷ്‌ട്രീയ ലാക്കോടെയാണ് യു ഡി എഫ് ഇത് വിവാദമാക്കിയത്. അതേസമയം ലാവ്‌ലിനെക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് പിണറായി ഒഴിഞ്ഞു മാറി. തെരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നടത്തിയ ചില പരാമര്‍ശങ്ങളെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ “വി എസ് എന്‍റെ സഹപ്രവര്‍ത്തകനാണ്, എനിക്കെതിരെ അദ്ദേഹം എന്തെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനം നടത്തുമെന്ന് കരുതുന്നില്ല” എന്നായിരുന്നു പിണറായിയുടെ മറുപടി.