മുന്‍മന്ത്രിയും എം പിയുമായ ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസായിരുന്നു.
വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്ന് നാലുദിവസം മുമ്പ് കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.45നാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. ചികിത്സയുടെ ആവശ്യത്തിനായി അഞ്ചുവര്‍ഷത്തോളമായി അമൃത ആശുപത്രിയുടെ സമീപത്തെ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. ആഴ്ചയില്‍ രണ്ടുതവണ അദ്ദേഹം ഡയാലിസിസിന് വിധേയനാകുമായിരുന്നു.
1963ല്‍ കൊടകര പഞ്ചായത്തംഗമായാണ് ലോനപ്പന്‍ നമ്പാടന്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കേരള കോണ്‍ഗ്രസുകാരനായിരുന്ന നമ്പാടന്‍ പിന്നീട് ഇടതുപക്ഷത്തേക്ക് മാറുകയും ഒടുവില്‍ സി പി എമ്മിന്‍റെ പാര്‍ട്ടി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തു. 1980ലും 87ലും കേരളാ മന്ത്രിസഭയില്‍ അംഗമായിരുന്നു. 80ല്‍ ഗതാഗതമന്ത്രിയും 87ല്‍ ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയുമായിരുന്നു. 1982ല്‍ കരുണാകരന്‍ മന്ത്രിസഭയെ കാലുമാറ്റത്തിലൂടെ അട്ടിമറിച്ചാണ് ലോനപ്പന്‍ നമ്പാടന്‍ കേരള രാഷ്ട്രീയത്തിലെ വലിയ ചര്‍ച്ചാവിഷയമായത്.
ആ കാലുമാറ്റത്തെക്കുറിച്ച് പിന്നീട് വളരെ സരസമായി ലോനപ്പന്‍ നമ്പാടന്‍ പ്രതികരിച്ചിട്ടുണ്ട്. കരുണാകരനോട് തനിക്കുണ്ടായിരുന്ന ഒരു അനിഷ്ടത്തിനുള്ള പ്രതികാരമായിരുന്നു അതെന്നാണ് നമ്പാടന്‍ പറഞ്ഞിരുന്നത്. നര്‍മ്മരസപ്രധാനമായ സംഭാഷണങ്ങളിലൂടെ ലോനപ്പന്‍ നമ്പാടന്‍ അടുത്തകാലം വരെ രാഷ്ട്രീയകാര്യങ്ങളോട് പ്രതികരിച്ചിരുന്നു.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുകുന്ദപുരത്ത് സി പി എം സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചപ്പോള്‍ പത്മജാ വേണുഗോപാലായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. വലിയ ഭൂരിപക്ഷത്തിലാണ് അന്ന് നമ്പാടന്‍ ജയിച്ചുകയറിയത്. തന്‍റെ ഭൂരിപക്ഷം കണ്ടപ്പോള്‍ അത് വോട്ടെണ്ണല്‍ യന്ത്രത്തിന് തെറ്റ് പറ്റിയതാണോ എന്ന സംശയമുണ്ടായതായി നമ്പാടന്‍ പറഞ്ഞിട്ടുണ്ട്.
മൂന്ന് സിനിമകളില്‍ ലോനപ്പന്‍ നമ്പാടന്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി എന്‍ കരുണിന്‍റെ ‘എ കെ ജി’ എന്ന സിനിമയില്‍ ജ്യോതിബസുവായാണ് അദ്ദേഹം വേഷമിട്ടത്. ആ സിനിമയ്ക്ക് വേണ്ടി മീശ വടിച്ച തന്നെ തിരിച്ചറിയാതെ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നിലെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞുവച്ചകാര്യം അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു.
കെ ആര്‍ ഗൌരിയമ്മയ്ക്കെതിരെ പി സി ജോര്‍ജ്ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ അതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ലോനപ്പന്‍ നമ്പാടന്‍ പ്രതികരിച്ചത്. രാഷ്ട്രീയനേതാക്കള്‍ ചരിത്രം പഠിക്കണമെന്നും പരന്ന വായനയുണ്ടാകണമെന്നും അന്ന് അദ്ദേഹം പ്രതികരിച്ചു.
നമ്പാടന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘സഞ്ചരിക്കുന്ന വിശ്വാസി’ എന്നാണെന്ന് ലോനപ്പന്‍ നമ്പാടന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മകഥയുടെ പേരും അതുതന്നെയാണ് - സഞ്ചരിക്കുന്ന വിശ്വാസി!