ലോകപ്രമേഹദിനം - സംസ്ഥാനത്ത് ഏഴിന കര്‍മ്മപരിപാടി

തിരുവനന്തപുരം| WEBDUNIA|
PRO
ജീവിതശൈലീ രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് ഏഴിന കര്‍മ്മ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. ലോക പ്രമേഹദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് വി.ജെ.ടി. ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷത്തില്‍ ഒരു കോടി ആളുകളെ സ്‌ക്രീനിംഗിനു വിധേയമാക്കി രോഗ നിര്‍ണയം നടത്തുക, സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വാഹനങ്ങളില്‍ മെഡിക്കല്‍ സംഘങ്ങള്‍ എത്തി പരിശോധനകള്‍ നടത്തുന്ന 'കെയര്‍ ഓണ്‍ വീല്‍' പരിപാടി, ബോട്ടുകളില്‍ എത്തി പരിശോധന നടത്തുന്ന 'കെയര്‍ ഓണ്‍ വേവ്‌സ്', യോഗ ക്ലാസുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഏഴിന കര്‍മ്മ പരിപാടികള്‍. ക്യാന്‍സറിനെതിരായ സമഗ്ര പ്രതിരോധ കര്‍മ്മ പദ്ധതിയായ 'കേരള ക്യാമ്പയിന്‍ എഗനിസ്റ്റ് ക്യാന്‍സര്‍' ഡിസംബറില്‍ ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു.

മൂന്നു മാസം നീണ്ട് നില്‍ക്കുന്നതാണ് പരിപാടി. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി (ലീപ്പ്) സംസ്ഥാനത്തെ 13,500 സ്‌കൂളുകളില്‍ നടപ്പിലാക്കും. രോഗ നിര്‍ണയ ക്യാമ്പുകള്‍ നടത്തി ആവശ്യമുള്ളവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ് ലീപ്പ്. ഡയബറ്റിസ് ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടര്‍ ഡോ. മീനു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി. ഗീത, കൗണ്‍സിലര്‍ എസ്. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ലോക പ്രമേഹദിനാചരണ പരിപാടികളുടെ ഭാഗമായി രാവിലെ 8 മണി മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :