എറണാകുളം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം 'ലാവണ്യം 2013-ന് ഇന്ന് വൈകിട്ട് ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ തുടക്കമാകും. ഇന്ന് മുതല്‍ 21 വരെ നീണ്ടു നില്കുന്ന ഓണാഘോഷ പരിപാടികളാണ് ഈ വര്‍ഷം ജില്ല ഭരണകൂടം നഗരവാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
എല്ല ദിവസവും വൈകിട്ട് 6.30ന് പരിപാടികള്‍ക്ക് തുടക്കമാകും. ഇന്ന് വൈകുന്നേരം നാലിന് ഓണത്തിന്റെ വരവറിയിച്ചുള്ള വിളംബര ഘോഷയാത്രയോടെയാണ് 'ലാവണ്യ'ത്തിനു തുടക്കമാവുക. മറൈന്‍ ഡ്രൈവില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര, ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സമാപിക്കും.
പുലിവേഷം, വേടന്മാര്‍, മഹാബലി തുടങ്ങിയ പ്രച്ഛന്നവേഷരൂപങ്ങള്‍, കരകാട്ടം, പൊയ്ക്കാല്‍, താലപ്പൊലി തുടങ്ങിയവയുടെ അകമ്പടിയോടെയാകും സാംസ്‌കാരികഘോഷയാത്ര. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ അടക്കമുള്ള നഗരവാസികള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. വൈകുന്നേരം ആറിന് ഡര്‍ബാര്‍ഹാള്‍ഓപ്പണ്‍ എയര്‍ഓഡിറ്റോറിയത്തിലെ വേദിയിലാണ് ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം.
തുടര്‍ന്നു നടക്കുന്ന കലാസന്ധ്യയില്‍, കന്നഡ നാടോടി നൃത്തവും കെ.എസ് പ്രസാദിന്റെ നേതൃത്വത്തിലുള്ള കോമഡി മെഗാഷോയും അരങ്ങേറും. ചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, സാമൂഹ്യ -സാംസ്‌കാരിക-സിനിമാ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.