റീപോളിംഗ്, പട്ടുവത്ത് ബോംബ് സ്ഫോടനം

കണ്ണൂര്‍| WEBDUNIA| Last Modified തിങ്കള്‍, 25 ഒക്‌ടോബര്‍ 2010 (09:14 IST)
കണ്ണൂര്‍ ജില്ലയില്‍ റീപോളിംഗ് നടക്കുന്ന പട്ടുവത്ത് ബോംബ് സ്ഫോടനം. രാവിലെ മുതല്‍ തന്നെ പട്ടുവത്ത് വോട്ട് ചെയ്യുന്നതിന് നല്ല തിരക്കായിരുന്നു. ഇതിനിടെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാ‍കുകയും ബോംബ് സ്ഫോടനം ഉണ്ടാകുകയും ചെയ്യുകയായിരുന്നു.

സുരക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ടിരുന്ന ഡി വൈ എസ് പിയുടെ നേര്‍ക്കാണ്‌ ബോംബേറ്‌ ഉണ്ടായത്‌. ഇവിടെ സ്‌ത്രീ വോട്ടര്‍മാര്‍ക്ക്‌ മര്‍ദനമേറ്റതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌. പട്ടുവത്ത്‌ ആദ്യം മുതല്‍തന്നെ സംഘര്‍ഷം നിലനിന്നിരുന്നു. ശനിയാഴ്ച സംഘര്‍ഷാവസ്ഥ ഉണ്ടായ സാഹചര്യത്തിലാണ് ഇവിടെ റീപോളിംഗ് പ്രഖ്യാപിച്ചത്.

റീപോളിംഗിലും കനത്ത പോളിംഗാണ്‌ ഇവിടെ കാണാനായത്‌. ആദ്യമണിക്കൂറില്‍ രണ്ടു ബൂത്തുകളില്‍ 500 പേരാണ്‌ ഇവിടെ വോട്ട്‌ ചെയ്‌തത്‌. അതേസമയം പട്ടുവത്ത്‌ പരിയാരം മോഡലില്‍ കള്ളവോട്ട്‌ നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ നിര്‍ത്തിവെയ്ക്കണമെന്ന്‌ ഡി സി സി പ്രസിഡന്‍റ് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റീപോളിംഗിന്‍റെ ആവശ്യം നിലനില്‍ക്കുന്നില്ലെന്ന്‌ ഇടത്‌ നേതാക്കള്‍ അവകാശപ്പെട്ടു.

അതേസമയം, കണ്ണൂര്‍ ജില്ലയില്‍ റീപോളിംഗ് നടക്കുന്ന തില്ലങ്കേരി പഞ്ചായത്തിലെ വഞ്ഞേരി വാര്‍ഡിലെ റീപോളിംഗ് യു ഡി എഫ്‌ ബഹിഷ്കരിച്ചു. നിലവിലെ ബൂത്ത്‌ മാറ്റണമെന്ന ആവശ്യം ജില്ലാ കലക്ടര്‍ നിരാകരിച്ചതിനാലാണ്‌ റീപോളിംഗ് ബഹിഷ്കരിച്ചത്‌.

ഇതിനിടെ, ചാ‍വക്കാട്‌ നഗരസഭയില്‍ രണ്ടിടത്ത്‌ വോട്ടിങ്‌ യന്ത്രങ്ങള്‍ തകരാറിലായി. ഞായറാഴ്ച പോളിംഗ് ബൂത്തില്‍ വീണ്‌ കാതിക്കുടം സ്കൂള്‍ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ കെ ഡേവിസിന്‍റെ കാല്‍ ഒടിഞ്ഞു. പ്രാഥമിക ചികിത്സയ്ക്ക്‌ ശേഷം ഡേവിസ്‌ ജോലിയില്‍ പ്രവേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :