വിഷ്‌ണു മികച്ച നടന്‍; വ്യത്യസ്തമായി യക്ഷഗാനം

കോഴിക്കോട്| WEBDUNIA|
PRO
PRO
കലയുടെ അഴക് മാറിമറിയുമ്പോഴും സാമൂതിരിയുടെ നാടിന് വിശ്രമമില്ല. രാവും പകലുമില്ലാതെ ഇവിടേക്ക് കലാസ്വാദകര്‍ ഒഴുകിയെത്തുകയാണ്. കലോത്സവം നാലാം നാളില്‍ എത്തിനില്ക്കുമ്പോള്‍ 362 പോയിന്‍റുമായി കോഴിക്കോട് ജില്ല മുന്നേറ്റം തുടരുകയാണ്. 345 പോയിന്‍റുമായി കണ്ണൂര്‍ തൊട്ടു പിന്നിലും 332 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്. 319 പോയിന്‍റുമായി പാലക്കാടും 313 പോയിന്‍റുമായി തിരുവനന്തപുരവുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. എറണാകുളവും മലപ്പുറവും 306 പോയിന്‍റുമായി ഒപ്പത്തിനൊപ്പമാണ്.

അഭിനയമികവില്‍ സദസ്യരെ പിടിച്ചിരുത്തിയ വിഷ്‌ണുവായിരുന്നു തിങ്കളാഴ്‌ച രാത്രി വൈകിയും നീണ്ടു നിന്ന നാടകവേദിയുടെ താരം. ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരത്തില്‍ തിരുവങ്ങൂര്‍ എച്ച് എസ് എസ്സിലെ സി വിഷ്ണു മികച്ച നടനായി. 'ആത്തോ പുറത്തോ' എന്ന നാടകത്തില്‍ അബു എന്ന കഥാപാത്രത്തെയാണ് സി വിഷ്ണു അവതരിപ്പിച്ചത്.

ഇന്നു രാവിലെ മുതല്‍ പ്രധാനവേദിയായ മാനാഞ്ചിറ മൈതാനിയില്‍ അരങ്ങേറിയ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്‍റെ തിരുവാതിരക്കളി കാണാന്‍ പ്രായഭേദമന്യേ നിരവധി പേരാണ് എത്തിയത്
.
ക്രിസ്ത്യന്‍ കോളജിലെ രണ്ടാം വേദിയില്‍ രാവിലെ പുരക്കളി മത്സരമായിരുന്നു. ഉച്ചയ്‌ക്കു ശേഷം ഇവിടെ ദഫ്‌മുട്ട് മത്സരം നടക്കും. ക്രിസ്ത്യന്‍ കോളജില്‍ തന്നെ തയ്യാറാക്കിയിരിക്കുന്ന
മൂന്നാം വേദിയില്‍ ഇന്ന് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്‍റെ കഥകളി (സിംഗിള്‍) മത്സരമാണ് നടക്കുന്നത്.

ടൌണ്‍ ഹാളിലെ നാലാം വേദി യക്ഷഗാനത്തിന്‍റെ അവതരണം കൊണ്ടും വ്യത്യസ്തത കൊണ്ടും ആ‍സ്വാദകരെ ആകര്‍ഷിച്ചു. കന്നഡ ഭാഷയിലുള്ള ഈ കലാരൂപം പഠിച്ചെടുക്കാന്‍ അല്പം ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്ന് യക്ഷഗാനവുമായി എത്തിയ കൊച്ചുകലാകാരന്മാര്‍ പറഞ്ഞു. ഉച്ചയ്‌ക്കു ശേഷം ഹൈസ്കൂള്‍വിഭാഗം പെണ്‍കുട്ടികളുടെയും, ആണ്‍കുട്ടികളുടെയും ഓട്ടന്‍ തുള്ളല്‍ മത്സരം ഇവിടെ നടക്കും.

എട്ടാം വേദിയായ ഗുജറാത്തി ഹാളില്‍ രാവിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്‍റെ കോല്‍ക്കളി മത്സരമായിരുന്നു. ഉച്ചയ്ക്കു ശേഷം ഹൈസ്കൂള്‍ വിഭാഗത്തിന്‍റെ കോല്‍ക്കളിയാണ് ഇവിടെ നടക്കുക. അതേസമയം അപ്പീലുകളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡുമായാണ് സുവര്‍ണ കലോത്സവം മുന്നോട്ട് കുതിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :