രശ്മിയുടെ കൊലപാതകം: അമ്മയെ കുളിമുറിയില്‍ കൊണ്ടിടുന്നത് കണ്ടെന്ന് മൂന്നരവയസുകാരന്റെ മൊഴി

കൊട്ടാരക്കര| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ ബിജു രാധാകൃഷ്ണന്‍ ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന ആരോപണം തെളിയിക്കാന്‍ രശ്മിയുടെ മൂത്തമകന്റെ മൊഴി ക്രൈംബ്രാഞ്ചിനെ സഹായിക്കുമെന്ന് റിപ്പോര്‍ട്ട്. അമ്മയെ കുളിമുറിയില്‍ കൊണ്ടിടുന്നത് കണ്ടു എന്ന് അന്ന് മൂന്നരവയസ്സുണ്ടായിരുന്ന കുട്ടി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് സൂചന. ഈ മൊഴി കോടതിമുമ്പാകെ രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

സംഭവദിവസം രാത്രിമുഴുവന്‍ ബിജുവും രശ്മിയും സരിതയെച്ചൊല്ലി വഴക്കായിരുന്നു. അമിതമായി മദ്യം നല്‍കി രശ്മിയെ അവശയാക്കിയെന്നും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് ബിജുവിന്റെ കുറ്റസമ്മതം. സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മരണം എന്നനിലയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീടാണ് കൊലപാതകക്കുറ്റം ഉള്‍പ്പെടുത്തിയത്.

രശ്മിയെ ബിജു കഠിനമായി ഉപദ്രവിച്ചിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. രാത്രിമുഴുവന്‍ ഇരുവരും വഴക്കിടുകയും രശ്മിയെ അമിതമായി മദ്യം നല്‍കി ബിജു ബോധരഹിതയാക്കുകയും ചെയ്തു. മൂന്നുമണിയോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ബിജുവിന്റെ മൊഴി.

രശ്മിയുടെ മരണം സംബന്ധിച്ച് മുമ്പ് ബിജു നല്‍കിയ മൊഴികള്‍ സത്യമല്ലെന്ന് പോളിഗ്രാഫ് പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ പോളിഗ്രാഫ് പരിശോധനയുടെ റിപ്പോര്‍ട്ട് അടുത്തകാലത്താണ് ലഭിച്ചത്. വ്യാഴാഴ്ചയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതോടെ, കൊലപാതകക്കേസില്‍ കൂടുതല്‍ തെളിവുകള്‍ പ്രതീക്ഷയിലാണ് അന്വേഷണസംഘം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :