ഐക്യമുന്നണിയും സര്‍ക്കാരും ഐക്യത്തിന്റെ പാതയിലാകാന്‍ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് സോണിയയോട് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രമേശ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നാല്‍ മതിയെന്നാണ് ഐ ഗ്രൂപ്പിന്റെ അഭിപ്രായം. അതേസമയം കേരളത്തിലെ ഗ്രൂപ്പ് വഴക്ക് തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ആവശ്യമുയര്‍ന്നു. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെന്ന് ഘടകകക്ഷികള്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. ഘടകകക്ഷികളുമായുള്ള പ്രശ്‌നങ്ങളേക്കാളുപരി കോണ്‍ഗ്രസിലെ അനൈക്യമാണ് മുന്നണിയെയും ഭരണത്തെയും പ്രതിസന്ധിയിലേക്ക് നയിക്കുന്നതെന്നും കക്ഷിനേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
രമേശിനും ഉമ്മന്‍ ചാണ്ടിക്കും കൂടി സ്വീകാര്യമായ ഒരു ഫോര്‍മുലയുടെ അടിസ്ഥാനത്തിലാകണം പ്രശ്‌നം തീര്‍ക്കേണ്ടത്. ഇതിന് രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയാണ് പോംവഴിയെങ്കില്‍ അതിന് വൈകരുത്. ഇരുവരും അംഗീകരിക്കുന്ന ഒരു ഫോര്‍മുലയ്ക്ക് രൂപം നല്‍കണം. യു.ഡി.എഫ് ചേര്‍ന്നിട്ട് മൂന്ന് മാസമായി. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നണി യോഗം വിളിക്കാന്‍ കഴിയണം.രാജ്ഭവനില്‍ ഞായറാഴ്ച രാത്രിയിലാണ് ഘടകകക്ഷി നേതാക്കള്‍ സോണിയയെ കണ്ടത്. തിങ്കളാഴ്ച യുഡിഎഫ് നേതൃയോഗം ചേരുന്നുണ്ട്.
അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഹൈക്കമാന്‍ഡ് ഇടപെടണം. പ്രശ്‌നങ്ങള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ വഷളാകുന്നതുവരെ തീരുമാനം വൈകിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുവരെ ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കില്‍ അക്കാര്യം രണ്ടുകൂട്ടരും ഉള്‍ക്കൊണ്ട് സഹകരിക്കണം.
സോണിയാഗാന്ധിയെ കാണുന്നതിന് മുമ്പ് കേരളാ കോണ്‍ഗ്രസിന്റെ ഉന്നതാധികാരസമിതിയോഗം ചേര്‍ന്ന് പറയേണ്ട കാര്യങ്ങള്‍ തിട്ടപ്പെടുത്തിയിരുന്നു. കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ ആശയവിനിമയവും നടത്തി ധാരണയായശേഷമാണ് സോണിയയെ സന്ദര്‍ശിച്ചത്. കേരളാ കോണ്‍ഗ്രസില്‍ നിന്ന് പിജെ ജോസഫ്, സിഎഫ് തോമസ്, പിസി ജോര്‍ജ്, ജോയ് ഏബ്രഹാം, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരും മാണിയോടൊപ്പം സോണിയയെ കണ്ടു. ലീഗില്‍ നിന്ന് ഇ അഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് എന്നിവരാണ് സന്ദര്‍ശിച്ചത്.
കേരളാ കോണ്‍ഗ്രസിന് അര്‍ഹിക്കുന്ന പരിഗണന എല്ലാകാര്യങ്ങളിലും ലഭിക്കണമെന്ന് കെഎം മാണി ആവശ്യപ്പെട്ടു. രമേശിനെ മന്ത്രിസഭയില്‍ എടുക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുപിഎ യിലെയും യുഡിഎഫിലെയും വിശ്വസ്തപങ്കാളിയാണ് കേരളാ കോണ്‍ഗ്രസ്. കേന്ദ്രമന്ത്രിസ്ഥാനം ഈ വൈകിയവേളയിലെങ്കിലും നല്‍കണം. രണ്ട് എംപിമാര്‍ പാര്‍ട്ടിക്കുണ്ടെന്നത് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്നും മാണി സോണിയയെ അറിയിച്ചു.