യുഡിഎഫ് മേയ് 18നു വഞ്ചനാദിനം ആചരിക്കും

കൊച്ചി| WEBDUNIA|
PRO
സംസ്ഥാന സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന മേയ് 18നു യു ഡി എഫ് വഞ്ചനാദിനം ആചരിക്കും. കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്‍റണി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ പാലിക്കാത്ത കേരളം കണ്ട ഏറ്റവും ബലഹീനമായ സര്‍ക്കാരാണിതെന്നു മുന്നണി കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. കൂട്ടായ്മയില്ലാത്ത മുന്നണിയും കൂട്ടുത്തരവാദിത്തമില്ലാത്തെ സര്‍ക്കാരുമാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. ഈ മാസം 27ന് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അനാവശ്യവും രാഷ്ട്രീയപ്രേരിതവുമാണെന്നും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹര്‍ത്താല്‍ ആണ് അതെന്നും യു ഡി എഫ് കുറ്റപ്പെടുത്തി.

പ്രവാസികള്‍ക്കു വോട്ടവകാശം നല്‍കുന്നതിനുള്ള ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ സമ്മര്‍ദ്ദം ചെലുത്തുകയും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ കാണുകയും ചെയ്യും, കൂടാതെ, കേരളത്തിലെ ബി പി എല്‍ പട്ടിക വിപുലപ്പെടുത്തുന്നതിനും സമ്മര്‍ദം ചെലുത്തും. പരമാവധി പാവപ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും യു ഡി എഫ് യോഗത്തില്‍ ആവശ്യമുയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :