യുഡിഎഫ് ദുര്‍ബലമായിപ്പോയെന്ന് സോണിയ

തിരുവനന്തപുരം| WEBDUNIA|
PTI
PTI
കേരളാ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി യുഡി‌‌എഫ് ഘടകക്ഷികളുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് യുഡിഎഫ് ദുര്‍ബലമായിപ്പോയെന്നും ഭരണനേട്ടം കേരളത്തിലെ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും സോണിയ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിലേയും യുഡിഎഫിലേയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എല്ലാ ഘടകകക്ഷികളും സോണിയോട് ആവശ്യപ്പെട്ടു.

യുഡിഎഫിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ എല്ലാം ചെയ്യാമെന്ന് സോണിയ അറിയിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സോണിയാ ഘടകക്ഷികളുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയത് രാജ്ഭവനിലാണ്. ആദ്യം മുകുള്‍ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തിയ സോണിയ പിന്നീടാണ് ഘടകകക്ഷികളെ കണ്ടത്.

അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് അര്‍ഹമായ സ്ഥാനം വേണമെന്നും രമേശ് മന്ത്രിസഭയിലേക്ക് വരണമെന്നുമാണ് പിസി ജോര്‍ജ് ആവശ്യപ്പെട്ടത്. യുഡിഎഫിന്റെ സ്ഥിതി ഗുണകരമല്ലെന്നും യുഡിഎഫ് നാലുമാസമായി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ജെഎസ്എസ് അറിയിച്ചത്.

യുഡിഎഫ് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടത്. പ്രശ്‌നങ്ങളില്‍ ഹൈക്കമാന്റ് ഇടപെടണമെന്ന് ഷിബു ബേബി ജോണും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ വലിയ തോതില്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്നുണ്ടെന്ന് ഘടകക്ഷി നേതാക്കള്‍ സോണിയയെ അറിയിച്ചട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :