ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളേയും കുറിച്ച് ഫേസ്ബുക്കില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ തുറന്നുപറച്ചില്‍. സദുദ്ദേശത്തോടെ താന്‍ ചെയ്തത് പൈശാചികമായ പ്രവര്‍ത്തിയായി ചില കേന്ദ്രങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു എന്ന് ഷിബു പറഞ്ഞു.
വിഷയത്തില്‍ ഇടപ്പെട്ട് അഭിപ്രായ പറഞ്ഞവര്‍ക്ക് നന്ദി പറഞ്ഞാണ് ഷിബു തുടങ്ങുന്നത്. താന്‍ അങ്ങേയറ്റം ദുഃഖിതനാണ് എന്ന് പറയുന്ന ഷിബു, തന്നെ അറിയാവുന്നവര്‍ക്കെല്ലാം തന്റെ മതനിരപേക്ഷ നിലപാടുകളെക്കുറിച്ച് വ്യക്തമായി അറിയാം എന്നും കൂട്ടിച്ചേര്‍ക്കുന്നു. സമൂഹത്തിലെ പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു തന്റെ ശ്രമങ്ങള്‍, തൊഴിലാളികള്‍ക്കും സമൂഹത്തിലെ പാര്‍ശ്വവല്‍കരിക്കപ്പെട്ടവര്‍ക്കും ഒപ്പം നിന്ന പിതാവ് ബേബി ജോണിന്റെ കാലടികള്‍ പിന്തുടരാനാണ് താന്‍ എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്.
പിതാവ് പഠിപ്പിച്ച മതനിരപേക്ഷത എന്ന മൂല്യമാണ് ജീവിതത്തിലും രാഷ്ട്രീയത്തിലും ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ഷിബു പറയുന്നുണ്ട്.
ഷിബു-മോഡി കൂടിക്കാഴ്ച വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. ഷിബു രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു.