തിരുവനന്തപുരം|
സജിത്ത്|
Last Modified ഞായര്‍, 23 ജൂലൈ 2017 (11:28 IST)
മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപിയില്‍ നേതാക്കളുടെ പോര്‍വിളിയും പൊട്ടിത്തെറിയും രൂക്ഷമാകുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും കേന്ദ്ര സഹ. സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷിനെ കണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കൃഷ്ണദാസ് - മുരളീധര വിഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമാണ് കേന്ദ്രനേതാക്കളെ കണ്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മെഡിക്കല്‍ കോളേജ് അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയത് മുരളീധരന്‍ പക്ഷമാണെന്ന ആരോപണമാണ് കൃഷ്ണദാസ് വിഭാഗം ഉന്നയിച്ചത്. അതേസമയം സംസ്ഥാന ഘടകത്തില്‍ വലിയ അഴിമതിക്കാരുണ്ടെന്ന് വി. മുരളീധരന്‍ പക്ഷവും ആരോപിച്ചു. കേരളത്തിലെ സ്ഥിതി അത്യന്തം ഗുരുതരമാണെന്നും പാര്‍ട്ടികക്കത്ത് അഴിച്ചുപണി വേണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടതായിട്ടാണ് വിവരം.
അതേസമയം, മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് കോഴ വാങ്ങിയ സംഭവത്തില്‍ ബിജെപി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ബിജെപി അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ്. കെപി ശ്രീശന്‍, എകെ നസീര്‍, സംസ്ഥാന സെക്രട്ടറി വിവി രാജേഷ് എന്നിവര്‍ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടിയെടുത്തേക്കും. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയാതിരുന്നത് വന്‍ വീഴ്ചയാണെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.