മൂന്നാറില്‍ വ്യാപക കൈയേറ്റം: ഉമ്മന്‍ ചാണ്ടി

ഇടുക്കി‍| WEBDUNIA|
PRO
PRO
മൂന്നാറില്‍ വ്യാപകമായി അനധികൃത ഭൂമി കൈയേറ്റം നടക്കുന്നതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. മൂന്നാറില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് പബ്ലിസിറ്റിയില്‍ മാത്രമാണ് താല്പര്യമെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.

കര്‍ഷകരെയും ആദിവാസികളെയും മറയാക്കി സര്‍ക്കാര്‍ കൈയേറ്റക്കാരെ സഹായിക്കുകയാണ്. ദൌത്യ സംഘങ്ങളോ പ്രഖ്യാപനങ്ങളോ അല്ല വേണ്ടത്. പകരം ഇച്ഛാശക്തിയോടുള്ള നടപടികള്‍ അച്യുതാനന്ദന്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കൈയേറ്റത്തിന്‍റെ പേരില്‍ ചെറുകിട കര്‍ഷകരെയും ആദിവാസികളെയും ഒഴിപ്പിക്കരുത്. വന്‍കിട കൈയേറ്റക്കാര്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വളഞ്ഞു പിടിച്ച് വിനോദ, വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. വന്‍കിട കൈയേറ്റക്കാരെ മുഴുവന്‍ ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണം. കൈയെറ്റത്തെയും കുടിയേറ്റത്തെയും രണ്ടായി കാണണം. കോണ്‍ഗ്രസ് നയം അതാണ്. ഇക്കാര്യത്തില്‍ ചെറുകിട കര്‍ഷകരുടെയും ആദിവാസികളുടെയും കൂടെയായിരിക്കും യുഡിഎഫെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി‌.

മൂന്നാറില്‍ പട്ടയം വിതരണം ചെയ്തതില്‍ വീഴ്ചയുണ്ട്. മൂന്നാറിലെ ഈ അവസ്ഥ തുടരുകയാണെങ്കില്‍ നിലവിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ നിന്നൊഴിയുന്നതിന് മുമ്പ് തന്നെ മൂന്നാര്‍ നശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി നാലു വര്‍ഷം കഴിഞ്ഞിട്ടും മൂന്നാറിലെ സര്ര്വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.

അധികാരത്തിലേറി നാലു ദിവസത്തിനകം ടാറ്റയുടെ ഭൂമി അളന്ന് കൈയേറ്റഭൂമി തിരിച്ചു പിടിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അതില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ടാറ്റ അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ കലവറയില്ലാത്ത പിന്തുണ യുഡിഎഫ്‌ വാഗ്ദാനം ചെയ്യുന്നെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

ഇതിനു മുമ്പ് സര്‍ക്കാര്‍ നടത്തിയ ഒഴിപ്പിക്കല്‍ നാടകങ്ങള്‍ കൈയേറ്റക്കാരെ സഹായിക്കുന്ന വിധത്തിലായിരുന്നു. സര്‍ക്കാര്‍ നടപടികള്‍ നിയമ വിരുദ്ധമായിരുന്നതിനാല്‍ കോടതിക്ക് ഇടപെടേണ്ടി വന്നു. ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ണമായും നിയവിധേയമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദൗത്യ സംഘങ്ങള്‍ മാറിമാറി വരുന്നതിന്‌ പകരം ഇച്ഛാശക്തിയോടെ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥതയാണ്‌ സര്‍ക്കാരില്‍ നിന്ന്‌ ഉണ്ടാവേണ്ടത്‌. ഇതുവരെയുള്ള അനുഭവം വച്ച്‌ സര്‍ക്കാരില്‍ നിന്ന്‌ കൂടുതല്‍ നടപടികള്‍ പ്രതീക്ഷിക്കുന്നില്ല. രാവിലെ എട്ടിന്‌ മൂന്നാര്‍ മേഖല സന്ദര്‍ശിക്കാന്‍ തുടങ്ങിയ ഉമ്മന്‍ചാണ്ടി മൂന്നാര്‍ ടൗണ്‍, ലഷ്മി, പള്ളിവാസല്‍, ചിന്നക്കനാല്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :