മുസ്ലിം ലീഗിലെ ഉള്‍പ്പോര്: പാര്‍ട്ടി കൊടിമരത്തില്‍ കരിങ്കൊടി, മലപ്പുറത്തെ ജലീലിനെയും കൊടുവള്ളിയിലെ റസാഖിനെയും കാഞ്ഞങ്ങാട്ട് സൃഷ്ടിക്കരുത്!

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മുസ്ലിം ലീഗില്‍ ഉള്‍പ്പോര് രൂക്ഷമായി

കാഞ്ഞങ്ങാട്, മുസ്ലീം ലീഗ്, മലപ്പുറം, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ kanjangad, muslim league, malappuram, pk kunjalikutty, panakkad hyderali shihab thangal
കാഞ്ഞങ്ങാട്| സജിത്ത്| Last Updated: ബുധന്‍, 1 ജൂണ്‍ 2016 (14:50 IST)
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മുസ്ലിം ലീഗില്‍ ഉള്‍പ്പോര് രൂക്ഷമായി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റിനെ അപമാനിക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് ബഷീര്‍ വെള്ളിക്കോത്തിനെ ശാസിക്കാനും ജനറല്‍ സെക്രട്ടറി എം പി ജാഫറിനെ സ്ഥാനത്തുനിന്ന് നീക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതാണ് പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിന്റെ പ്രതിഷേധത്തിനിടയാക്കിയത്.

സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയുടെ തീരുമാനം പുറത്തു വന്നതോടെയാണ് ഈ ഉള്‍പ്പോര് രൂക്ഷമായത്. പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ കേരള യാത്രക്ക് സ്വീകരണം നല്‍കാനായി കാഞ്ഞങ്ങാട്ട് ഒരുക്കിയ ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് കല്ലട്ര മാഹിന്‍ ഹാജിക്കെതിരെ മുദ്രാവാക്യം മുഴക്കിയവര്‍ക്ക് ഈ രണ്ടുപേരും പിന്തുണ നല്‍കിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ നടപടിയുണ്ടായത്.

നേതാവിനെതിരെ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം മണ്ഡലം ഭാരവാഹികളെ ശിക്ഷിക്കാനെടുത്ത തീരുമാനം ഏകപക്ഷീയമാണെന്ന് പ്രതിഷേധിക്കുന്നവര്‍ വ്യക്തമാക്കി. ആരോപണ
പ്രവര്‍ത്തകരുടെ അഭിപ്രായമോ വിധേയരായവരുടെ വിശദീകരണമോ തേടാന്‍ അന്വേഷണസമിതി തയ്യാറായില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ബല്ലാ കടപ്പുറത്ത് ലീഗിന്റെ കൊടിമരത്തില്‍ കെട്ടിയിരുന്ന കൊടി അഴിച്ചുമാറ്റി പകരം കരിങ്കൊടി കെട്ടി. ഇന്നലെയാണ് ഈ സംഭവം നടന്നത്. കൂടാതെ നഗരത്തില്‍ ഇതിനെതിരെ പ്രതിഷേധപ്രകടനം നടത്താന്‍ ഇവര്‍ തീരുമാനിച്ചിരുന്നുയെങ്കിലും നേതാക്കളില്‍ ചിലര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇത് മാറ്റിവച്ചു.

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ പ്രാദേശിക പ്രശ്നങ്ങളാണ് നടപടിക്ക് കാരണമായ സംഭവങ്ങളിലത്തെിയത്. നഗരസഭയിലേക്ക് മത്സരിച്ച് ജയിച്ച ജാഫറിനെതിരെ പാര്‍ട്ടിയില്‍നിന്ന് ഒരു വിമത സ്ഥാനാര്‍ഥി രംഗത്തിറങ്ങിയതിനെ തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രതിഷേധ പ്രചാരണവും വ്യാപകമായിട്ടുണ്ട്. മലപ്പുറത്തെ ജലീലിനെയും കൊടുവള്ളിയിലെ റസാഖിനെയും കാഞ്ഞങ്ങാട്ട് സൃഷ്ടിക്കരുതെന്നും പല സന്ദേശങ്ങളിലും പറയുന്നു.

ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇവിടെ സ്വാധീനമുള്ള മാഹിന്‍ ഹാജിയെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ ഈ അച്ചടക്ക നടപടിക്കു പിറകിലുള്ളത്. കൂടാതെ രാജിക്കത്ത് സ്വീകരിക്കേണ്ടതില്ലെന്നും ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :