മാതാപിതാക്കളെ നടതള്ളുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടി

തൃശൂര്‍| WEBDUNIA|
PRO
PRO
മാതാപിതാക്കളെ ഗുരുവായൂരില്‍ നടതള്ളുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കുമെന്ന്‌ വനിതാ കമ്മീഷന്‍. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന്‌ വനിതാ കമ്മീഷന്‍ തെളിവെടുപ്പിനായി എത്തിയിരുന്നു. 200 ലധികം അഗതികളെയാണ്‌ ഗുരുവായൂരില്‍ കണ്ടെത്തിയത്‌.

വനിതാകമ്മീഷന്‍ 15 ലധികം പേരുടെ വിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നും ഒരാളെ മക്കളെ വിളിച്ച്‌ തിരിച്ചേല്‍പ്പിച്ചപ്പോള്‍ മറ്റൊരാളെ അഗതി മന്ദിരത്തിലേക്ക്‌ അയച്ചു. മിക്കവരെയും അമ്പലത്തില്‍ എത്തിച്ച ശേഷം മക്കള്‍ ഉപേക്ഷിക്കുന്നതായിട്ടാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇവര്‍ ക്ഷേത്രത്തിലെ നിവേദ്യം കഴിച്ചും ഭിക്ഷ യാചിച്ചും ഒടുവില്‍ അനാഥ ജഡമായി സംസ്‌ക്കരിക്കപ്പെടുകയുമാണ്‌ ചെയ്യുന്നതെന്ന്‌ കണ്ടെത്തി.

ഈ മാതാപിതാക്കളുടെ വിവര ശേഖരണത്തിനായുള്ള നടപടികള്‍ വനിതാ കമ്മീഷന്‍ തുടങ്ങിയിട്ടുണ്ട്‌. ഇത്തരത്തിലുള്ള 200 ലധികം വൃദ്ധജനങ്ങള്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുണ്ടെന്നാണ്‌ കണ്ടെത്തിയിട്ടുള്ളത്‌. ഇവരെ പുനരധി വസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വനിതകമ്മീഷന്‍ ഒരാഴ്‌ചയ്‌ക്കകം പൂര്‍ത്തിയാക്കും. ഇതിനിടയില്‍ അമ്മമാരെ സംരക്ഷിക്കാനായി സന്നദ്ധ സംഘടനകളും രംഗത്ത്‌ എത്തിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :