മഴക്കാലത്തെ വൈദ്യുതി പ്രശ്നങ്ങള്‍ പരിഹരിക്കാനായി മോണിറ്ററിംഗ് സംവിധാനം; യുദ്ധകാലടിസ്ഥാനത്തില്‍ അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

മഴക്കാലത്തുണ്ടാകുന്ന വൈദ്യുതി പ്രശ്നങ്ങള്‍ കുറയ്ക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥന്‍‌മാരുടെ യോഗം വിളിച്ചു.

rahul balan| Last Modified വെള്ളി, 3 ജൂണ്‍ 2016 (20:24 IST)
മഴക്കാലത്തുണ്ടാകുന്ന വൈദ്യുതി പ്രശ്നങ്ങള്‍ കുറയ്ക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും വേണ്ട നടപടികള്‍
സ്വീകരിക്കുന്നതിനായി വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥന്‍‌മാരുടെ യോഗം വിളിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉദ്യാഗസ്ഥര്‍ ചര്‍ച്ച ചെയ്തു. മഴക്കാലത്തെ നേരിടാനുള്ള നടപടികള്‍
പൂര്‍‍ണ്ണമായി ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യാഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. യുദ്ധകാല അടിസ്ഥാനത്തില്‍ അറ്റകുറ്റ പണികള്‍ പൂര്‍‍ത്തീകരിക്കാന്‍ മന്ത്രി നിര്‍‍ദ്ദേശിച്ചു.

മഴക്കാലമായ ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വൈദ്യുതി തടസ്സങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ മോണിറ്ററിംഗ് സംവിധാനത്തിന് യോഗം രൂപം നല്‍കി. വൈദ്യുതി തടസ്സങ്ങള്‍ അതിവേഗം പരിഹരിക്കുന്നതിന്റെ ഉത്തരവാദിത്വം അതാതു പ്രദേശത്തെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍‍മാര്‍‍‍ക്കായിരിക്കും. ചീഫ് എന്‍ജിനീയര്‍മാര്‍ ഇത് ദിനംപ്രതി പരിശോധിക്കുകയും, ബോര്‍ഡിനു റിപ്പോര്‍‍ട്ട് നല്‍കുകയും വേണം. ബോര്‍ഡ് ചെയര്‍മാന്‍ ആഴ്ചയിലൊരിക്കല്‍ ഇത് പരിശോധിക്കുകയും സര്‍‍‍ക്കാറിന് റിപ്പോര്‍‍ട്ട് നല്‍കുകയും ചെയ്യണം.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് സൌത്ത് കോണ്‍‍‍‍‍‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കെ എസ് ഇ ബി ഡയറക്ടര്‍‍മാരായ എന്‍ എസ് പിള്ള, സി വി നന്ദന്‍, പി വിജയകുമാരി, ഡോ ഒ അശോകന്‍, ചീഫ് എന്‍ജിനീയര്‍മാര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :