മന്ത്രിസഭായോഗത്തിലിരുന്ന് രഹസ്യം ചോര്‍ത്തുന്ന വൃത്തികെട്ടവന്മാരുണ്ടെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഡാറ്റാ സെന്റര്‍ കാര്യത്തിലും ചോര്‍ത്തലുണ്ടായി. ഡാറ്റാ സെന്റര്‍ കേസുമായി സുപ്രീംകോടതിയില്‍ പോകാനാണ് തീരുമാനമെന്നും പിസി ജോര്‍ജ് അറിയിച്ചു. തനിക്ക് കൂച്ചുവിലങ്ങിടാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി എസ് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റാണെന്ന് താന്‍ പറഞ്ഞു. മൂന്നു വര്‍ഷക്കാലം മന്ത്രിയെന്ന നിലയില്‍ പിണറായി നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് പ്രശംസിച്ചത്. വലിയ ഇടതുപക്ഷ മനസ് ഏകെ ആന്റണിക്കാണെന്നും ഇതേ വേദിയില്‍ പറഞ്ഞിരുന്നു. പ്രശ്നമുണ്ടാക്കുന്നത് മാധ്യമങ്ങളാണ്. താന്‍ പറയുന്നത് മുഴുവന്‍ നല്‍കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി.
താന്‍ പറയുന്നതിലെ സത്യം കെ എം മാണിക്ക് അറിയാം. മാന്യത വിട്ട് താന്‍ പെരുമാറില്ലെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
തിരുവഞ്ചൂര്‍ മന്ത്രിയെന്ന നിലയില്‍ ചുമതല നിര്‍വഹിക്കുന്നില്ലെന്ന് ജോര്‍ജ്ജ് കുറ്റപ്പെടുത്തി. തന്നെ കൊല്ലാന്‍ വന്നവരെ അറസ്റ്റ് ചെയ്യാത്ത ആഭ്യന്തര മന്ത്രിയോട് വിയോജിപ്പുണ്ട്. യോഗ്യതയില്ലാത്തവരാണ് മന്ത്രിസഭയിലുള്ളതെന്ന് ബോധമുള്ളവര്‍ക്ക് അറിയാമെന്നും പി സി ജോര്‍ജ് പറഞ്ഞു.
താന്‍ ഉപയോഗിക്കുന്നത് ഗ്രാമീണഭാഷയാണ്. അണ്ടനും അടകോടനും എന്നത് അങ്ങനെ ഉപയോഗിച്ചതാണ്. അത്തരം വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ താന്‍ നടത്തിയ മറ്റ് വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി പി സി ജോര്‍ജ് പറഞ്ഞു