സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ മാണിയും ആര്യാടനും കൊമ്പുകോര്‍ത്തു. കേരളം സാമ്പത്തിക തകര്‍ച്ചയിലെന്ന് വിവാദ പരാമര്‍ശം നടത്തിയ ആര്യാടന്‍ മുഹമ്മദിനെതിരെ മന്ത്രിസഭാ യോഗത്തില്‍ കെഎം മാണി ആഞ്ഞടിച്ചു. ധനവകുപ്പിനെക്കുറിച്ച് അഭിപ്രായം പറയേണ്ടത് ധനമന്ത്രിയാണെന്നും പ്രസ്താവന അനാവശ്യ വിവാദമുണ്ടാക്കിയെന്നും മാണി യോഗത്തില്‍ വ്യക്തമാക്കി.
പ്രസ്താവന പ്രതിപക്ഷത്തിന് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മാണി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തികനില പരുങ്ങലിലാണെന്നായിരുന്നു ആര്യാടന്റെ മറുപടി.
തുടര്‍ന്ന് ഇരു മന്ത്രിമാരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി. പ്രതിസന്ധിയുടെ കാര്യം മറച്ചു വെച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ആര്യാടന്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ആര്യാടന്റെ വകുപ്പുകളായ കെഎസ്ആര്‍ടിസിയും കെഎസ്ഇബിയുമാണ് സര്‍ക്കാരിന് കടക്കെണി ഉണ്ടാക്കുന്നതെന്ന് മാണി ആര്യാടന് മറുപടി നല്‍കുകയും ചെയ്തു. മുന്‍പ് തന്നെ മാണിയും ആര്യാടനും തമ്മിലുള്ള തര്‍ക്കം പരസ്യമായ രഹസ്യമാണെങ്കിലും ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇതിനുള്ള മറുപടി പത്രസമ്മേളനത്തില്‍ പറയുമെന്ന് മാണി വ്യക്തമാക്കിയിട്ടുണ്ട്.