മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ഗണേഷ് കുമാര്‍ തെളിവുകള്‍ ഹാജരാക്കി

തിരുവനന്തപുരം| JOYS JOY| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (12:30 IST)
പൊതുമരാമത്ത് വകുപ്പിനെതിരെയും വകുപ്പുമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെയും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ലോകായുക്തയില്‍ തെളിവുകള്‍ ഹാജരാക്കി. തെളിവുകള്‍ സമര്‍പ്പിക്കാന്‍ ലോകായുക്ത ഗണേഷ് കുമാറിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കെയാണ് അദ്ദേഹം തെളിവുകളുമായി എത്തിയത്.

ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായ ഗണേഷ് കുമാര്‍ സംസ്ഥാനത്ത് നടന്ന റോഡ് പണികളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. സൈഡ് ബീം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നത്. സൈഡ് ബീം ഉണ്ടാക്കാന്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ ചെലവിട്ടു. ഉത്തരവുകള്‍ മന്ത്രിയറിയാതെ പുറത്തിറങ്ങില്ലല്ലോയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

മന്ത്രിയുടെ സ്വത്തുവിവരങ്ങളില്‍ അസ്വാഭാവികതയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 1983ല്‍ തോട്ടക്കാരനായിരുന്നു മന്ത്രിയെന്നും അദ്ദേഹത്തിന്റെ ഭാര്യയ്ക്കോ മക്കള്‍ക്കോ ജോലിയുള്ളതായി അറിവില്ലെന്നും ഗണേഷ് കുമാര്‍ ലോകായുക്തയെ അറിയിച്ചു. മന്ത്രിയുടെ നികുതി വിവരങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാസിമുദ്ദീന് എതിരായ ചോദ്യത്തിന് നിയമസഭയില്‍ മന്ത്രി തെറ്റായ ഉത്തരം നല്കിയെന്നും ഗണേഷ് പറഞ്ഞു.

ഒരുകെട്ട് തെളിവുകളുമായി ഹാജരായ ഗണേഷ് കുമാറിനോട് മന്ത്രിക്കും വകുപ്പിനുമെതിരെ കോടതിയില്‍ സത്യവാങ്‌മൂലം നല്കാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു. പതിനാറാം തിയതിക്ക് മുമ്പ് സത്യവാങ്‌മൂലം നല്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് എതിരെ ആയിരുന്നു ഗണേഷ് കുമാര്‍ അഴിമതിയാരോപണം ഉന്നയിച്ചത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്തമാക്കിയ ഗണേഷ് കുമാര്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന്, മൂന്നുമാസത്തിനകം തെളിവുകള്‍ സമര്‍പ്പിക്കാന്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭ സമ്മേളനത്തിനിടെയാണ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിനെതിരെ ഗണേഷ് കുമാര്‍ അഴിമതിയാരോപണം ഉന്നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :