കായംകുളത്ത് മന്ത്രവാദത്തിന്റെ മറവില്‍ വ്യാജചികിത്സയും മതപരിവര്‍ത്തനവും നടക്കുന്നതായി ആരോപണം. കായംകുളം കൊറ്റുകുളങ്ങര, പെരിങ്ങാല ഐക്യജങ്ങ്ഷന്‍, വാലിക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രവാദകേന്ദ്രങ്ങളിലാണ് മതപരിവര്‍ത്തനവും വ്യാജചികിത്സയും നടക്കുന്നത് എന്നാണ് വിവരം.
നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളെ പ്രലോഭിപ്പിച്ച് പുണ്യദേവാലയസന്ദര്‍ശനമെന്നും തീര്‍ഥാടനയാത്രയെന്നും പറഞ്ഞ് അജ്‌ഞാതകേന്ദ്രങ്ങളില്‍ എത്തിച്ച് മതപരിവര്‍ത്തനം ചെയ്യുന്നതായും ആക്ഷേപമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത മന്ത്രവാദികള്‍ ആയുര്‍വേദം, അലോപ്പതി, ഹോമിയോ മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സനടത്തുന്നു. ഇതിനായി പാരാമെഡിക്കല്‍ കോഴ്സുകള്‍ പാസായ ഏതാനും യുവാക്കളാണ് മന്ത്രവാദികളുടെ സഹായത്തി നുള്ളത്. ഇതോടൊപ്പം ക്രിമിനല്‍കേസുകളില്‍ പ്രതികളായിട്ടുള്ളവര്‍ മന്ത്രവാദികള്‍ക്ക് അംഗരക്ഷകരായും പ്രവര്‍ത്തിക്കുന്നു.
വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളാണ് ഇത്തരക്കാരുടെ ഇരകളില്‍ ഏറിയപങ്കും. വണ്ണം കൂട്ടുന്നതിനുള്ള ചികിത്സയ്ക്കാണ് കൂടുതലും സ്ത്രീകള്‍ എത്തുന്നത്. ലേഹ്യത്തിലും അരിഷ്ടത്തിലും വലിയതോതില്‍ കോര്‍ട്ടിസോണ്‍ ടാബ്ലറ്റുകള്‍ പൊടിച്ചുച്ചേര്‍ത്ത് ആവശ്യക്കാര്‍ക്ക് ജപിച്ച് നല്‍കുകയും വന്‍തുകകള്‍ ഈടാക്കുകയും ചെയ്യുന്നതായി ആരോപണമുയരുന്നു. ഒരുമാസം മരുന്നുസേവിക്കുന്ന ഉപഭോക്താവിന് സംതൃപ്തി ലഭിക്കുന്ന തരത്തില്‍ ശരീരം പുഷ്ടിപ്പെടുന്നതുകാരണം കൂടുതല്‍ സ്ത്രീകള്‍ ഇത്തരം മന്ത്രവാദകേന്ദ്രങ്ങളില്‍ എത്തപ്പെടുകയാണ്.
മന്ത്രവാദത്തിനും ചികിത്സയ്ക്കും പണം നല്‍കി വഞ്ചിതരായ നിരവധി കുടുംബിനികള്‍ അഭിമാനക്ഷതമോര്‍ത്ത് പരാതിനല്‍കിയിട്ടില്ല. കായംകുളത്തെ ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും സാമ്പത്തിക സ്രോതസിനെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.