വിവാദ പ്രസംഗം നടത്തിയ എം എം മണിക്കെതിരെ സി പി ഐയുടെ രൂക്ഷവിമര്‍ശനം. സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെ മണിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
നെയ്യാറ്റിന്‍കരയില്‍ എല്‍ ഡി എഫിന് പ്രതീക്ഷിച്ച വിജയം ഉണ്ടാകില്ല. അതിന് കാരണക്കാരന്‍ മണിയാണ്. ഇടുക്കിയില്‍ മണി നടത്തിയത് കൊലവിളിയാണ്. കൊലയാളിയുടെ മാനസിക നിലയിലുള്ള ക്രൂരമുഖമാണ് മണിയ്ക്ക്. നാട്ടിലെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ മുഖത്ത് കരിവാരിത്തേക്കുന്ന പരാമര്‍ശമാണ് മണി നടത്തിയത്. മണിയെ ഒരു കമ്മ്യുണിസ്‌റ്റുകാരനായി അംഗീകരിക്കാന്‍ കഴിയില്ലെന്നും പന്ന്യന്‍ തുറന്നടിച്ചു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് ഇത്രയും നാള്‍ സി പി ഐ നിശബ്‌ദത പാലിച്ചതെന്ന് പന്ന്യന്‍ വ്യക്തമാക്കി. ശെല്‍വരാജ് കാലുമാറ്റക്കാരനായത് മൂലം മണ്ഡലത്തില്‍ എല്‍ ഡി എഫിന് നല്ല വിജയപ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ ടിപി ചന്ദ്രശേഖരന്‍ വധം ഇതിനു മങ്ങലേല്‍പ്പിച്ചു. തുടര്‍ന്ന് മണി നടത്തിയ പരാമര്‍ശങ്ങള്‍ മുന്നണിയുടെ വിജയപ്രതീക്ഷ തകിടം മറിച്ചുവെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി.
മണിക്കെതിരെ സി പി എം നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.