ആള്‍മാറാട്ടം നടത്തി എസ്ബിടിയില്‍ ജോലി നേടിയ ആല്‍വാര്‍ പീഡനക്കേസ് പ്രതി ബിട്ടി മൊഹന്തിയെ സസ്പെന്റ് ചെയ്തു. രാഘവ് രാജന്‍ എന്ന പേരില്‍ കണ്ണൂര്‍ മാടായി ശാഖയില്‍ പ്രൊബേഷനറി ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു ബിറ്റി.
ബിട്ടിയെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ബുധനാഴ്ചയാണ് ബാങ്ക് പുറപ്പെടുവിച്ചത്. ബാങ്കിംഗ് നിയമത്തിലെ റെഗുലേഷന്‍ 69/7/1 പ്രകാരമാണ് സസ്പെന്‍ഷന്‍. ഒരു ഉദ്യോഗസ്ഥനെ 48 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ വച്ചാല്‍ അയാളെ സസ്പെന്‍ഡ് ചെയ്യാം എന്നാണ് ബാങ്കിംഗ് നിയമത്തില്‍ പറയുന്നത്.
അതേസമയം ആന്ധ്രയില്‍ ബിട്ടി താമസിച്ച ഫ്ലാറ്റില്‍ പരിശോധന നടത്തിയ പൊലീസിന് ഇയാളെ സംബന്ധിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബിട്ടിയെ പൊലീസിന് കാട്ടിക്കൊടുത്തത് സഹപ്രവര്‍ത്തകയുടെ കത്ത് ആണെന്നാണ് വിവരം. മലയാളിയായ ഈ യുവതി ഇയാളുടെ കാമുകി ആയിരുന്നു എന്നും സൂചനകള്‍ ഉണ്ട്.
2006ല്‍ ആല്‍വാര്‍ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട് രാജസ്ഥാനിലെ ജയിലില്‍ തടവില്‍ കഴിയവെ പരോളില്‍ ഇറങ്ങി മുങ്ങിയ ബിട്ടിയെക്കുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നും ഉണ്ടായില്ല. ആറ് വര്‍ഷക്കാലം ബിട്ടി ഒരു ദുരൂഹതയായി തുടര്‍ന്നു. അപ്പോഴാണ് ആന്ധ്രയില്‍ നിന്നുള്ള രാഘവ് രാജന്‍ എന്ന വ്യാജപേരില്‍ മാടായി എസ്‌ബിടി ബ്രാഞ്ചില്‍ പ്രൊബേഷനറി ഓഫിസറായി ജോലി ചെയ്യുന്നത് ബിട്ടിയാണെന്ന ഊമക്കത്ത് ബാങ്ക് മാനേജര്‍ക്കും പൊലീസിനും ലഭിക്കുന്നത്.