ബിജു രമേശിന്റെ രഹസ്യമൊഴി; മന്ത്രി ബാബുവിനെതിരെ കേസെടുത്തേക്കും

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 23 ഏപ്രില്‍ 2015 (09:17 IST)
ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ബാര്‍ ഉടമ ബിജു രമേശ് മജിസ്ട്രേടിന്
നല്കിയ രഹസ്യമൊഴി തെളിവാക്കി എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസ് എടുത്തേക്കും. എല്ലാ കേസുകളും രജിസ്റ്റര്‍ ചെയ്യുന്നത് മൊഴികളുടെ അടിസ്ഥാനത്തിലാണ്. പൊലീസിന് നല്കുന്ന മൊഴിയേക്കാള്‍ വിലയുള്ളതാണ് മജിസ്ട്രേടിന് നല്കുന്ന മൊഴി. ഈ സാഹചര്യത്തിലാണ് മന്ത്രി ബാബുവിനെതിരെ കേസെടുക്കുക.

അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കൈക്കൂലി ചോദിക്കുന്നത് അഞ്ചു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ബാര്‍ ഉടമകളില്‍ നിന്ന് മന്ത്രി ബാബു 10 കോടി രൂപ വാങ്ങിയതായി ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ ബാര്‍ ഉടമ ബിജു രമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലാണ് വ്യക്തമാക്കുന്നത്.

മൊഴിയെ അടിസ്ഥാനമാക്കി അഴിമതി നിരോധന നിയമപ്രകാരം മജിസ്‌ട്രേറ്റിന് കേസെടുക്കാന്‍ കഴിയില്ലെങ്കിലും കേസ് പരിഗണിക്കുന്ന വിജിലന്‍സ് ജഡ്ജിക്കോ വിജിലന്‍സിനോ കേസ് എടുക്കാവുന്നതാണ്.

2012-13 വര്‍ഷത്തെ എക്‌സൈസിന്റെ പ്രീ ബജറ്റ് യോഗത്തില്‍ ബാറുകളുടെ ലൈസന്‍സ് ഫീ 22 ലക്ഷത്തില്‍ നിന്നും 30 ലക്ഷമായി ഉയര്‍ത്തുമെന്ന് ബിജു കൂടി പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ബാബു പറഞ്ഞത്. 30 ലക്ഷമായി ഉയര്‍ത്താതിരിക്കാന്‍ 10 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് ബിജുവിന്റെ മൊഴി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :