ബാര്‍കേസില്‍ വിധി ഇന്ന്

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (08:33 IST)
ബാര്‍കേസില്‍ വിധി ഇന്ന്. ജസ്റ്റിസ് കെ ജി ശങ്കരന്‍, ജസ്റ്റിസ് ബാബു മാത്യൂസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുക. ബാര്‍കേസില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിനു വേണ്ടി പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ ആണ് ഹൈക്കോടതിയില്‍ ഹാജരായത്. സമ്പൂര്‍ണ്ണ മദ്യനിരോധനമോ ഉദാരമായ മദ്യനയമോ അല്ല സര്‍ക്കാരിന്റെ ലക്‌ഷ്യമെന്ന് സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ പറഞ്ഞിരുന്നു.

ബാര്‍ തര്‍ക്കം രൂക്ഷമായപ്പോഴാണ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ത്രീസ്റ്റാര്‍ ഫോര്‍സ്റ്റാര്‍ ബാറുകള്‍ അടച്ച് പൂട്ടാനും തീരുമാനിച്ചിരുന്നു എന്നാല്‍, ഇതിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന്, ബാറുടമകള്‍ക്ക് അനുകൂലമായി കാലാവധി നീട്ടിക്കൊടുത്ത കോടതി ഒരു ഉത്തരവ് ഉണ്ടാകും വരെ ത്രീസ്റ്റാര്‍ ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നും നിര്‍ദ്ദേശിച്ചു. ഈ ഉത്തരവ് നിലനില്‍ക്കുകയുമാണ്. എന്നാല്‍ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31ന് തീരുകയാണ്. ഈ സാഹചര്യത്തില്‍ കോടതിവിധിയെ ആശ്രയിച്ചായിരിക്കും സംസ്ഥാനത്ത് ത്രീസ്റ്റാര്‍, ഫോര്‍സ്റ്റാര്‍ ബാറുകളുടെ നിലനില്പ്.

ഹൈക്കോടതി വിധിക്ക് വിധേയമായിട്ടായിരിക്കും ബാര്‍ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞിരുന്നു. നിലവില്‍ ഫൈവ്‌സ്റ്റാര്‍ ബാറുകള്‍ക്കല്ലാതെ വേറെ ബാറുകളുടെയൊന്നും ലൈസന്‍സ് പുതുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :