കൊച്ചി|
Last Modified വെള്ളി, 6 നവംബര്‍ 2015 (15:28 IST)
ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. വിജിലന്‍സ് ഡയറക്ടറെയും എജിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. വിജിലന്‍സ് എസ് പിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടത് വിജിലന്‍സ് മാന്വലിന് വിരുദ്ധമാണെന്ന് കോടതി പരാമര്‍ശിച്ചു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്‍റെ റിവിഷന്‍ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍.
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതിവിധിയില്‍ അപാകതയില്ലെന്ന് കോടതി വിലയിരുത്തി. ഈ കേസില്‍ വിജിലന്‍സിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ എന്തിനാണ് ഹാജരായതെന്ന് കോടതി ചോദിച്ചു. വിജിലന്‍സ് ഡയറക്ടര്‍ പരിധി വിട്ടെന്നും എസ് പിയുടെ റിപ്പോര്‍ട്ടനുസരിച്ച് മുന്നോട്ടുപോകുകയായിരുന്നു വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
ബാറുടമകള്‍ എന്തിനാണ് ധനമന്ത്രി കെ എം മാണിയുടെ വീട്ടിലേക്ക് പണം കൊണ്ടുപോയതെന്നും ഹൈക്കോടതി ചോദിച്ചു. ബാര്‍ കോഴക്കേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. അന്തിമവാദം തിങ്കളാഴ്ചയാണ്. അന്നുതന്നെ അന്തിമവിധിയുണ്ടാകാനും സാധ്യതയുണ്ട്.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി ലഭിക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ അക്കാര്യത്തില്‍ അന്തിമവാദം കഴിഞ്ഞ ശേഷമേ തെളിഞ്ഞ ചിത്രം ലഭിക്കുകയുള്ളൂ.