തിരുവനന്തപുരം|
Harikrishnan|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (16:06 IST)
സംസ്ഥാനത്തെ പ്രമുഖ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നായ
ഫാക്ടിന്റെ അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച സാമ്പത്തിക രക്ഷാ പാക്കേജിന് അടിയന്തിര അനുമതി നല്‍കാന്‍ ഇടപെടണമെന്ന്
ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ധനമന്ത്രി പി ചിദംബരത്തോട് ഫോണില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഒരാഴ്ചയ്ക്കകം പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ദക്ഷിണേന്ത്യയുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ ഇത്
ബാധിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഫാക്ട് സമര്‍പ്പിച്ച സമഗ്ര സാമ്പത്തിക ആശ്വാസ പദ്ധതിക്ക് പൊതുമേഖലാ പുന:സംഘടനാ ബോര്‍ഡും വിവിധ മന്ത്രാലയങ്ങളും ഇതിനോടകംതന്നെ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കിയ പുനരുദ്ധാരണ പദ്ധതിക്ക് അനുസൃതമായി സംസ്ഥാന സര്‍ക്കാര്‍ ഫാക്റ്റിന് നികുതി ഇളവ് അനുവദിക്കാന്‍ തത്വത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. സാമ്പത്തിക
കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അംഗീകാരമാണ് ഇനി വേണ്ടത്. അതിനുവേണ്ടി ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.